സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു

തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അവഗണിക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങങ്ങളെ രാഷട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നുമുളള പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം

Update: 2021-05-27 03:02 GMT
Advertising

കണ്ണൂരില്‍ സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അവഗണിക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങങ്ങളെ രാഷട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നുമുളള പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കഴിഞ്ഞ 22ാം തിയ്യതി ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗമാണ് സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്‍സിയായി അംഗീകരിച്ചത്.

നിരവധി സന്നദ്ധ സംഘടനകള്‍ നല്കിയ അപേക്ഷകള്‍ അവഗണിച്ച് സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്‍സിയായി തെരഞ്ഞെടുത്ത നടപടിക്കെതിരെ അന്ന് തന്നെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കുകയായിരുന്നു.

പിന്നാലെ സേവാഭാരതിക്കെതിരെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. ദുരന്ത നിവാരണ അതോററ്റിയുടെ അവലോകന യോഗത്തില്‍ കോ ചെയര്‍മാന്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയാണ് ഇക്കാര്യം ഉന്നയിച്ചത്. തുടര്‍ന്നാണ് സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി നിശ്ചയിച്ച തീരുമാനം ദുരന്ത നിവാരണ അതോറിറ്റി റദ്ദ് ചെയ്തത്. ഒപ്പം റിലീഫ് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ലഭിച്ച അപേക്ഷകള്‍ തുടര്‍ തീരുമാനത്തിനായി സര്‍ക്കാരിന് അയച്ച് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. 

Full View


Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News