'നന്ദിനി'യെത്തുന്നതിൽ സർക്കാറിന് എതിർപ്പ്; ക്ഷീര വികസന ബോർഡിന് പരാതി നൽകി
കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും
കൊച്ചി: കർണാടകയുടെ പാലായ 'നന്ദിനി'യുടെ ഔട്ട് ലെറ്റ് കേരളത്തിൽ തുറക്കുന്നതിൽ സംസ്ഥാന സർക്കാരിന് എതിർപ്പ്. ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. കർണാടക സർക്കാരിനെയും പ്രതിഷേധം അറിയിക്കും.
നേരിട്ട് സംസ്ഥാനത്ത് പാൽ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടക സർക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാതെയും അനുമതി ചോദിക്കാതെയും നേരിട്ട് ഔട്ട് ലറ്റുകൾ തുറക്കാനാണ് കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. നന്ദിനി ബ്രാൻഡിലുള്ള പാൽ കേരളത്തിൽ നേരിട്ട് വിൽക്കാനാണ് കർണാടക മിൽക്ക് ഫെഡറേഷന്റെ ശ്രമം. ഇതിനായുള്ള ഔട്ട്ലെറ്റുകൾ ആരംഭിച്ചതോടെയാണ് സംസ്ഥാന സർക്കാർ നിലപാട് കടുപ്പിച്ചത്.
'നന്ദിനി' ഔട്ട്‌ലറ്റ് തുടങ്ങുന്നതിനല്ല എതിർപ്പ് അറിയിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി മീഡിയവണിനോട് പറഞ്ഞു. പാൽ സംഭരണവും വിൽപനയും അവരുടെ സഹകരണ പരിധിയിൽ തന്നെയാകണമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മിൽമയടക്കം പ്രവർത്തിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ സഹകരണപ്രസ്ഥാനം മറ്റൊരു സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിൽ നേരിട്ട് ഇടപെടരുതെന്ന നിയമം 'നന്ദിനി' ലംഘിക്കുകയാണെന്നും കെ.എസ് മണി പറഞ്ഞു.
മിൽമയേക്കാൾ കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് നന്ദിനി പാൽ വിറ്റാൽ കേരളത്തിലെ ക്ഷീരകർഷകർക്ക് തിരിച്ചടിയാകും. ലിറ്ററിന് 7 രൂപയോളം കുറച്ചുള്ള പാൽവിൽപ്പനയോടെ വിപണി നഷ്ടമാകുമെന്ന ആശങ്ക മിൽമക്കുണ്ട്.