ഡോ. വി.പി ജഗതിരാജ് ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി ചുമതലയേറ്റു

കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സീനിയർ പ്രൊഫസറും മുൻ ഡയറക്ടറുമാണ്

Update: 2024-03-28 10:58 GMT
Advertising

കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസിലറായി കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സീനിയർ പ്രൊഫസറും മുൻ ഡയറക്ടറുമായ ഡോ. വി.പി ജഗതിരാജ് ചുമതലയേറ്റു. കൊല്ലം അ‍ഞ്ചാലുംമൂട് സ്വദേശിയാണ്. മാർച്ച് 27ന് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അംഗീകാരം ലഭിച്ചതോടെയാണ് ഡോ. ജഗതിരാജിനെ വൈസ് ചാൻസിലറായി നിയമിച്ച് ചാൻസിലർ കൂടിയായ ഗവർണർ വിജ്ഞാപനം ഇറക്കിയത്.

കേരള സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി ടെക്, കുസാറ്റിൽ നിന്ന് എം ടെക്, എം ബി. എ ബിരുദാനന്തര ബിരുദങ്ങളും ഐ.ഐ.ടി ഖരഗ്പൂരിൽനിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയ ഡോ. ജഗതിരാജ് 34 വർഷത്തെ അധ്യാപന ഗവേഷണ പരിചയവും ഒമ്പത് വർഷത്തെ ഭരണനിർവഹണ പരിചയവുമായാണ് ഓപൺ സർവകലാശാലയുടെ അമരക്കാരനായി ചുമതലയേറ്റത്.

സ്വന്തം ജില്ലയിലെ ശ്രീനാരായണഗുരുവിന്റെ നാമധേത്തിലുള്ള യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിതനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ പുതിയ സങ്കേതങ്ങൾ ഉൾപ്പെടുത്തി യൂണിവേഴ്സിറ്റിയുടെ പ്രവർത്തങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുവാനും നൈപുണ്യ വികസനത്തിലൂന്നിയ തൊഴിൽ സാധ്യതയുള്ള പുതിയ കോഴ്സുകൾ തുടങ്ങുവാൻ ശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News