കുടിവെള്ളം എത്തില്ല; തിരുവനന്തപുരം നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെ ജനങ്ങൾ വലയുകയാണ്
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപണി പൂർത്തിയാകാത്തതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം. കുടിവെള്ള പ്രതിസന്ധിരൂക്ഷമായതോടെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) അവധി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. നാളെ നടക്കാനിരുന്ന പരീക്ഷകൾ മറ്റൊരു ദിവസം നടത്തും. എന്നാൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിച്ചു.
അതേസമയം അറ്റകുറ്റപണി നീളുകയാണ്. ഇന്ന് രാത്രിയോടെ പണി പൂർത്തീകരിക്കുമെന്നും നാളെ ഉച്ചയോടെ ജലവിതരണം പുനസ്ഥാപിക്കാനാകുമെന്നും വാട്ടർ അതോറിറ്റി ടെക്നിക്കൽ ടീം അറിയിച്ചു. മന്ത്രി വി.ശിവൻകുട്ടിയോട് വാട്ടർ അതോറിറ്റി അധികൃതർ നിലവിലെ സ്ഥിതി വിശദീകരിച്ചു.
കുടിവെള്ളം കിട്ടാതെ വലഞ്ഞിരിക്കുകയാണ് നഗരത്തിലെ ജനങ്ങൾ. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടുന്നില്ല. ഭക്ഷണം ഉണ്ടാക്കാൻ പോലും വെള്ളമില്ലാതെ ദുരിതാവസ്ഥയിലാണ് ജനം.
കുടിവെള്ളം മുടങ്ങിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. 'സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതര വീഴ്ചയുണ്ടായി. ഒരിടത്ത് പണി നടക്കുമ്പോൾ എങ്ങനെയാണ് നഗരത്തിൽ ആകെ കുടിവെള്ള വിതരണം മുടങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു.