ഇടുക്കിയിൽ ലഹരി ഉപയോഗം വ്യാപകം; വിദ്യാലയങ്ങളും ടൂറിസം കേന്ദ്രങ്ങളും ഉന്നംവെച്ച് ലഹരി മാഫിയ
വിമുക്തി ഡി അഡിക്ഷൻ സെൻ്ററിൽ ചികിത്സ തേടിയത് 1619 പേർ


ഇടുക്കി: ലഹരി വ്യാപനത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിനവും പുറത്ത് വരുന്നത്. വിമുക്തി മിഷൻ്റെ ഇടുക്കിയിലെ ഡീ അഡിക്ഷൻ സെൻ്ററിൽ മാത്രം കഴിഞ്ഞ വർഷം ചികിൽസ തേടിയത് 1619 പേരാണ്. രണ്ട് മാസത്തിനിടെ 222 പേരും ചികിത്സ തേടി. ടൂറിസം മേഖലകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള സിന്തറ്റിക് ഡ്രഗ്സിൻ്റെ വിൽപ്പനയും വ്യാപകമാണ്.പരിശോധനക്ക് എക്സൈസിൻ്റെയും പൊലീസിൻ്റെയും പക്കൽ അത്യാധനിക സംവിധാനങ്ങളില്ലാത്തതാണ് ലഹരിമാഫിയക്ക് പലപ്പോഴും പിടിവള്ളിയാകുന്നത്.
2020 ൽ 646 പേരാണ് ജില്ലയിലെ വിമുക്തി ഡീ അഡിക്ഷൻ സെൻ്ററിൽ ചികിൽസ തേടിയത്. 2022 ൽ എണ്ണം 1280 ഉം 2024 ൽ 1619 ഉം ആയി. ഭൂരിഭാഗവും മദ്യപാനത്തിൽ നിന്ന് മോചനം തേടിയെത്തുന്നവരെന്നാണ് എക്സൈസിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും വിലയിരുത്തൽ. ന്യൂ ജെൻ മയക്ക് മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാണെന്ന് രേഖകൾ സൂചിപ്പിക്കുമ്പോൾ വെളിച്ചത്തു വരാത്ത കണക്കുകളാണ് ആശങ്കയുണർത്തുന്നത്.
കഴിഞ്ഞ വർഷം 989 അബ്കാരി കേസുകളും 765 എൻ.ഡി.പി. എസ് കേസുകളുമാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അബ്കാരി കേസുകളുടെ എണ്ണം 231 ഉം എൻഡിപിഎസ് കേസുകളുടെ എണ്ണം 189 ഉം ആയി. കഴിഞ്ഞ വർഷം 684 എൻഡിപിഎസ് കേസുകളും ഈ വർഷം ഇതുവരെ 261 കേസുകൾ പൊലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡീ അഡിക്ഷൻ സെൻ്ററിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കണക്കുകൾ കൂടുതലാണ്. മദ്യവുമായ ബന്ധപ്പെട്ട കേസുകളാണ് അധികവും. മദ്യം ഉപയോഗിക്കുന്നയിടങ്ങൾ നോക്കിയാൽ 40ന് മുകളിലേക്കുള്ളവരെയാണ് കാണാൻ കഴിയുന്നത്. ചെറുപ്പക്കാരുടെ എണ്ണം കുറയുന്നുണ്ട്. മയക്കുമരുന്നിൻ്റെ സ്വാധീനമാകാമെന്നാണ് വിലയിരുത്തല്‍. ജില്ലയിൽ നാല് ചെക്ക് പോസ്റ്റുകളാണുള്ളത്.ഈസ്ഥലങ്ങളിലും പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളുടെ വാഹനങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
ജില്ലയിലെ ടൂറിസം മേഖലകൾ കേന്ദ്രീകരിച്ചും വിദ്യാർഥികളെ ഉന്നം വെച്ചുമാണ് ലഹരിമാഫിയയുടെ പ്രവർത്തനം. നിയമ നടപടികൾ ഒഴിവാക്കാൻ കുറഞ്ഞ അളവിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ച് വിൽപ്പന നടത്തുകയാണ് രീതി. എക്സൈസുമായി സഹകരിച്ച് സ്കൂളുകളിലടക്കം പരിശോധന നടത്താനാണ് പൊലീസ് നീക്കം.കേവലം റെയ്ഡുകൾക്കുമപ്പുറം പരിശോധനക്ക് പോർട്ടബിൾ സ്കാനറോ മറ്റ് അത്യാധുനിക സംവിധാനങ്ങളോ ഇല്ലാത്തത് പൊലീസിനും എക്സൈസിനുമുയർത്തുന്ന വെല്ലുവിളി ചെറുതല്ല.