കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പാറക്കടവ് വട്ടപ്പറമ്പ് റിജോയെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്


കൊച്ചി: കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് വട്ടപ്പറമ്പ് റിജോ (29) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, ചെങ്ങമനാട്, മാള പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ഏപ്രിലിൽ ചെങ്ങമനാട് കുറുമശ്ശേരിയിൽ വച്ച് വിനു വിക്രമനെ കൊലപ്പെടുത്തിയ കേസിൽ 3-ാം പ്രതിയാണ്. തുടർന്ന് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ അന്നമന്നടയിൽ വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. അങ്കമാലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ് കുമാർ, കെ.എ പോളച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എബി സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.