സുജിത് ദാസ് മലപ്പുറം എസ്പിയായ സമയത്ത് വ്യാജ എംഡിഎംഎ കേസിൽ കുടുക്കിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം കുറുവ കരിഞ്ചാപ്പാടി സ്വദേശി കരുവള്ളി ഷഫീഖ് ആണ് മരിച്ചത്. ഷഫീഖിനെക്കൂടാതെ മറ്റു മൂന്ന് യുവാക്കളെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരുന്നു

Update: 2024-10-09 11:47 GMT
Editor : rishad | By : Web Desk
മരിച്ച ഷഫീഖ്
Advertising

മലപ്പുറം: സുജിത് ദാസ് മലപ്പുറം എസ്പിയായ സമയത്ത് വ്യാജ എംഡിഎംഎ കേസില്‍ കുടുക്കപ്പെട്ട യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറുവ കരിഞ്ചാപ്പാടി സ്വദേശി കരുവള്ളി ഷഫീഖ് ആണ് മരിച്ചത്. ഷഫീഖിനെക്കൂടാതെ മറ്റു മൂന്ന് യുവാക്കളെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരുന്നു. കാറിൽ നിന്ന് പിടിച്ചെടുത്ത സുഗന്ധദ്രവ്യം എംഡിഎംഎ ആണെന്നാരോപിച്ചായിരുന്നു മേലാറ്റൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. 

തിങ്കളാഴ്ചയാണ് ഷഫീഖ് മരണപ്പെട്ടത്. 88 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇവര്‍ കുറ്റക്കാരല്ലെന്ന് വ്യക്തമായത്. പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്നുള്ള രാസപരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇവര്‍ ജയില്‍ മോചതിരായത്. കൊടിയ മര്‍ദനമാണ് ഇവര്‍ക്ക് പൊലീസില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്. മലപ്പുറം പൊലീസുമായി ബന്ധപ്പെട്ടുള്ള 'യൂണിഫോമിട്ട അധോലോകം' എന്ന അന്വേഷണ പരമ്പരയില്‍ ഇവര്‍ നേരിട്ട ദുരിതങ്ങള്‍ വിവരിച്ചിരുന്നു. 

2022 ഒക്ടോബര്‍ 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷഫീഖും സുഹൃത്തുക്കളായ മുബഷിര്‍, റിഷാദ്, ഉബൈദുല്ല എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍, മണിയാണിരിക്കടവ് പാലത്തിനു സമീപം പരിശോധിക്കുന്നതിനിടെ ലഭിച്ച വെളുത്ത പൊടി എംഡിഎംഎയാണ് എന്നാരോപിച്ചായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുബഷിര്‍ വിദേശത്തുനിന്നു കൊണ്ടുവന്ന സുഗന്ധവസ്തുവാണ് അതെന്നും വണ്ടിയില്‍ സുഗന്ധത്തിനായി പുകച്ച് ഉപയോഗിക്കുന്നതാണെന്നും പറഞ്ഞിട്ടും പൊലീസ് അംഗീകരിച്ചില്ല. വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന മാരക ലഹരിമരുന്നുമായാണ് യുവാക്കളെ പിടികൂടിയത് എന്നായിരുന്നു പൊലീസ് വാദം. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽവെച്ച് കൊടിയ മർദനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. കാന്താരി മുളക് അരച്ച് കണ്ണിലും സ്വകാര്യഭാഗങ്ങളിൽ വരെ പ്രയോഗിച്ചുവെന്ന് ഷഫീഖ് മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലും തിരുവനന്തപുരം കെമിക്കല്‍ ലാബിലും നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്ത വസ്തു എംഡിഎംഎ അല്ലെന്ന് തെളിഞ്ഞത്. ഇതോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.  

പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ നടത്തിയ 'ഡാൻസാഫിന്റെ ജില്ലയിലെ പ്രവർത്തനങ്ങളെകുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത്.  ലഹരിമരുന്നുകടത്ത് തടയുന്നതിനായി നിയമിച്ച സംഘം നടത്തുന്നത് ക്രിമിനൽ പ്രവർത്തനമെന്നായിരുന്നു ഉയര്‍ന്നിരുന്ന വിമർശനം.  കേരളാ പൊലീസിന്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് എന്ന ഡാൻസാഫ്. 

എംഡിഎംഎ വ്യാജ കേസുമായി ബന്ധപ്പെട്ട ദുരിതങ്ങളും ദുരന്തങ്ങള്‍ ഷഫീഖ് മീഡിയവണുമായി പങ്കുവെച്ചത് ഇവിടെ കാണാം(Watch Video )

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News