അസ്മിയയുടെ മരണം; സ്ഥാപനത്തിലേക്ക് ഡി.വൈ.എഫ്.ഐ, എ.ബി.വി.പി മാർച്ച്
മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
പ്ലസ് വൺ വിദ്യാർത്ഥിനി അസ്മിയ (17) ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടി പഠിച്ചിരുന്ന ബാലരാമപുരത്തെ അൽ അമാൻ എജ്യൂക്കേഷണൽ കോംപ്ലക്സിലേക്ക് ഡി.വൈ.എഫ്.ഐയും എ.ബി.വി.പിയും വെവ്വേറെ മാർച്ച് നടത്തി. ബുധനാഴ്ചയാണ് ഇരുസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഡി.വൈ.എഫ്.ഐ മാർച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. എ.ബി.വി.പി നടത്തിയ മാർച്ച് പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളിലുമാണ് കലാശിച്ചത്. പൊലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ പ്രാദേശിക ബിജെപി ഘടകം പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ തിരുമല അനിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച വൈകിട്ട് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയിലാണ് അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.