'ബിജെപി പ്രവർത്തകർക്ക് അനുകൂലമായി മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തി': പൊലീസിനെതിരെ ഡിവൈഎഫ്ഐ നേതാവിന്‍റെ ഭാര്യ
പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ഡിവൈഎഫ്ഐ
ബിജെപി പ്രവർത്തകർ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. മൊഴിമാറ്റാനായി ഡിവൈഎഫ്ഐ നേതാവിന്‍റെ ഭാര്യയെ കായംകുളം പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. ആരോപണം കായംകുളം പൊലീസ് നിഷേധിച്ചു.
കഴിഞ്ഞ ബുധനാഴ്ച കായംകുളത്ത് ഉണ്ടായ സംഘർഷത്തിൽ ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാവായ അനീഷിന്‍റെ ഭാര്യ ധന്യയും അക്രമിക്കപ്പെട്ടെന്ന് കാട്ടി പരാതി നൽകി. ഒരിക്കൽ മൊഴി എടുത്ത ഈ കേസിൽ പൊലീസ് വീണ്ടും മൊഴിയെടുക്കാൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ബിജെപി പ്രവർത്തകർക്ക് അനുകൂലമായി മൊഴി നൽകാൻ കായംകുളം സിഐ മുഹമ്മദ് ഷാഫി ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഗർഭിണിയായ ധന്യ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. അതേസമയം മൊഴിയിൽ വ്യക്തത തേടുകയായിരുന്നുവെന്ന് വിശദീകരിച്ച പൊലീസ് ആരോപണം നിഷേധിച്ചു.