''അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചാല്‍ മതി'': വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐ

മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ ‘കേരളത്തിന്‍റെ ദൈവം’ എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്‍റെ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു വി.ടി ബല്‍റാമിന്‍റെ പരിഹാസം

Update: 2021-07-25 02:20 GMT
Editor : ijas
Advertising

മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. കേരളം പട്ടിണി കിടക്കാതിരിക്കാൻ അരിയും, ഭക്ഷ്യ പദാർത്ഥങ്ങളും നൽകിയതിലുള്ള പരിഹാസമാണെന്നും അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാൽ വി.ടി ബലരാമൻമാർ ഇത്ര അധ:പതിക്കില്ലായിരുന്നുവെന്നും ഷാജര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജര്‍ വിമര്‍ശനമുന്നയിച്ചത്. 

മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേർത്താൽ അദ്ദേഹത്തിൻ്റെ മഹത്വം വീണ്ടും ഉയർന്ന് തന്നെ നിൽക്കുമെന്നും സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓർത്താൽ ബലരാമാദികൾക്ക് നല്ലതെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ 'കേരളത്തിന്‍റെ ദൈവം' എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്‍റെ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു വിടി ബല്‍റാമിന്‍റെ പരിഹാസം. "രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്‍റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്‍റെ ദൈവം, പച്ചരി വിജയന്‍." ഇതിനെതിരെയാണ് എം ഷാജര്‍ രംഗത്തെത്തിയത്.

എം ഷാജറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

സോളാർ ചാണ്ടി എന്ന ഇരട്ടപ്പേര് വന്നത് സോളാർ കണ്ടു പിടിച്ചതിൻ്റെ മേൻമയിൽ അല്ല.

ഐസ്ക്രീം കുഞ്ഞാപ്പ എന്നത് ഐസ്ക്രീം കമ്പനി തുടങ്ങിയതിലുമല്ല.

ആരോ വെച്ച ഒരു ബോർഡിൻ്റെ പേരിൽ കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കൾ വരെ മുഖ്യമന്ത്രിയെ പച്ചരി എന്ന് ചേർത്ത് വിളിക്കുന്നതായി കണ്ടു.

കേരളം പട്ടിണി കിടക്കാതിരിക്കാൻ അരിയും, ഭക്ഷ്യ പദാർത്ഥങ്ങളും നൽകിയതിലുള്ള പരിഹാസം !

പ്രതിപക്ഷത്തെ 'പോരാളികളുടെയും' സോഷ്യൽ മീഡിയ 'ബുദ്ധിജീവികളുടെയും' നിലവാരം ഓർത്ത് സഹതാപം തോന്നുന്നു.

അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാൽ വി.ടി ബലരാമൻമാർ ഇത്ര അധ:പതിക്കില്ലായിരുന്നു.

അതിനാൽ നിങ്ങൾ മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേർത്താൽ അദ്ദേഹത്തിൻ്റെ മഹത്വം വീണ്ടും ഉയർന്ന് തന്നെ നിൽക്കും.

സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓർത്താൽ ബലരാമാദികൾക്ക് നല്ലത്.

കേരള ജനത നൽകിയ ഒരു മറുപടി കൊണ്ടൊന്നും നന്നാകില്ലെന്ന് തെളിയിക്കുന്ന മരണത്തിൻ്റെ വ്യാപാരികൾക്ക് നല്ല നമസ്കാരം.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News