സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം

കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി

Update: 2024-06-24 09:05 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കണ്ണൂരിലും മലപ്പുറത്തും എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫിസ് ഉപരോധിച്ചു. മലപ്പുറത്തും കോഴിക്കോടും റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

എസ്എഫ്ഐ മലപ്പുറത്തും കെ എസ് യു കൊല്ലത്തും കലക്ട്രേറ്റ് മാർച്ച് നടത്തി. വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ തിരുവനന്തപുരത്തും കെഎസ്‌യു പ്രതിഷേധിച്ചു. സീറ്റ് പ്രതിസന്ധിയിൽ കൊല്ലത്ത് കെഎസ്‍യുവിന്റെ കളക്ടറേറ്റ് മാർച്ചിനിടെ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സുകൾ ഉൾപ്പെടെ നശിപ്പിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. നാളെ സംസ്ഥാനവ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ചെയ്യുന്ന എസ് എഫ് ഐ യെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി രംഗത്തെത്തി. ഇത്രയും നാൾ സമരം ചെയ്യാതെ ഇരിക്കുകയായിരുന്നു. സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. ഭരിക്കുന്ന പാർട്ടിയുടെ നിറം നോക്കിയല്ല എസ്എഫ്ഐ സമരം നടത്തുന്നതെന്ന് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഇ അഫ്സൽ പ്രതികരിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News