'കാവി പുതപ്പിക്കാൻ ശ്രമം'; എൻ.സി.ഇ.ആർ.ടി പരിഷ്കാരങ്ങളെ തള്ളി വിദ്യാഭ്യാസ മന്ത്രി
കേരളത്തിൽ പഠിപ്പിക്കുന്നത് എസ്.ഇ.ആർ.ടി.സി തയ്യാറാക്കുന്ന പുസ്തകമാണ്, പരിഷ്കരണം കേരളത്തിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ദേശീയതലതിലെ പാഠ്യപദ്ധതി പരിഷ്കരണം കേരളം തള്ളിക്കളയുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കാവിവൽക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്. യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് എൻ.സി.ഇ.ആർ.ടിയുടേതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്നത് എസ്.ഇ.ആർ.ടി.സി തയ്യാറാക്കുന്ന പുസ്തകമാണ്, അതുകൊണ്ടുതന്നെ പരിഷ്കരണം കേരളത്തിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഭരണഘടന മൂല്യങ്ങൾ സംബന്ധിച്ച ഭാഗങ്ങൾ, ഇന്ത്യയുടെ ചരിത്രം, മുകൾ രാജവംശം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ എന്നിവ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്‌തു. രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. അക്കാദമിക താത്പര്യങ്ങളെ തീർത്തും അവഗണിക്കുന്നു. പാഠപുസ്തകം തയ്യാറാക്കുമ്പോൾ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കണം. അതിന് കേന്ദ്രം തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.