പി.ടി സെവനെ മയക്കുവെടി വെച്ചു; ആനയെ കാടിന് പുറത്ത് എത്തിക്കാന്‍ ശ്രമം തുടരുന്നു
മയക്കം മാറുന്നതിന് മുന്‍പ് കൂട്ടിലാക്കും
പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി സെവനെ മയക്കുവെടി വെച്ചു. 7.10 ഓട് കൂടി മയക്കുവെടി വെച്ചത്. ആന ഉൾക്കാട്ടിൽ തന്നെയെന്ന് വനം വകുപ്പ് പറയുന്നു. മയക്കുവെടി വെച്ചാൽ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെയാണ് ആന മയങ്ങിവീഴാനുള്ള സമയം. ഇതിനു ശേഷം ആനയെ കൂട്ടിലാക്കും. ഇതിനായുള്ള സംഘവും ഉള്‍ക്കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സംഘത്തോടൊപ്പം കുങ്കിയാനകളും വനത്തിലേക്ക് പോയിട്ടുണ്ട്.
മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് ഭാഗത്ത് വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്.ദൗത്യ സംഘത്തിലുള്ളത് വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 72 പേരാണ് . ഇന്നലെ മയക്കുവെടി വെക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.വർഷങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കംകെടുത്തിയ ആനയാണ് ഇപ്പോൾ മയക്കുവെടി വെച്ചിരിക്കുന്നത്.
ധോണിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവൻ (പാലക്കാട് ടസ്‌കർ ഏഴാമൻ) ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതിൽ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.