മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 ന്
കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമായെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചില്ലെന്ന് വിവിധ ഖാദിമാർ അറിയിച്ചു
മലപ്പുറം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന് ആഘോഷിക്കും. ഞായറാഴ്ച സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ഈ മാസം 28 നാണ് ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം 27 ന് നടക്കും .
കേരളത്തിലെവിടെയും ഞായറാഴ്ച മാസപ്പിറവി ദൃശ്യമായെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചില്ല. ഇതനുസരിച്ച് തിങ്കളാഴ്ച അറബി മാസം ദുൽഖഅദ് 30 പൂർത്തിയാകും. ജൂൺ 29 ന് സംസ്ഥാനത്ത് പെരുന്നാൾ ആഘോഷിക്കാമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹിം ഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.
അതേസമയം, സൗദിയിൽ മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ന് നടക്കും. സൗദിയിൽ ഇന്ന് ദുൽഹിജ്ജ് ഒന്നാം തീയതി കണക്കാക്കി ജൂൺ 28 ന് ബലിപെരുന്നാൾ ആഘോഷിക്കും . ഈ മാസം 26 നാണ് ഹജ്ജ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ജൂലൈ ഒന്നിന് ഹജ്ജ് ചടങ്ങുകൾ സമാപിക്കും.