ലൈംഗിക പീഡനക്കേസ്: എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ എൽദോസ് കുന്നപ്പിള്ളിലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

Update: 2022-11-15 01:25 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദംകേൾക്കും. ഇന്നലെ പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം കോടതി കേട്ടിരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അവിശ്വസനീയമാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ലഭ്യമാക്കണമെന്ന് എൽദോസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വാദംകേൾക്കുക.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ എൽദോസ് കുന്നപ്പിള്ളിലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇന്നലെ കോടതി നിരീക്ഷിച്ചത്. ആദ്യ മൊഴി വായിച്ചാൽ പരസ്പര സമ്മതത്തോടുകൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് മനസ്സിലാകും. ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം തുടരവെയാണ് ഹൈക്കോടതി സംശയമുന്നയിച്ചത്.

പരാതിക്കാരിയുടെ മൊഴി സംബന്ധിച്ച് കോടതി ചില സംശയങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ പരസ്പര സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് എൽദോസ് കുന്നപ്പിള്ളിൽ പീഡിപ്പിച്ചുവെന്നും പരാതിപ്പെടുന്നു. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത്. സംഭവിച്ചതെല്ലാം പ്രോസിക്യൂഷനും പരാതിക്കാരിയും വിവരിച്ച് നൽകിയപ്പോൾ സിനിമാകഥ കേൾക്കുന്നത് പൊലെയുണ്ടെന്നായിരുന്നു കോടതിയുടെ പരിഹാസം. അതേസമയം കഥയല്ലെന്നും യഥാർത്ഥമായി സംഭവിച്ച കാര്യങ്ങളാണെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആദ്യ പരാതിയിൽ ലൈംഗികപീഡന ആരോപണമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പരാതിക്കാരിയെ കോവളത്ത് ആത്മഹത്യാ മുനമ്പിൽവച്ചു തള്ളിയിടാൻ പ്രതി ശ്രമിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളിലിനായി കോടതിയിൽ ഹാജരായ അഭിഭാഷകർക്കെതിരായ നടപടികൾ കോടതി തടഞ്ഞിട്ടുണ്ട്. അഭിഭാഷകർക്കെതിരായി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഈ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു. വഞ്ചിയൂർ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് പ്രതിയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. എൽദോസ് കുന്നപ്പിള്ളിലിനു നിയമസഹായം നൽകുന്നതിൽനിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസെടുത്തിരിക്കുന്നത് എന്ന വാദമാണ് അഭിഭാഷകർ കോടതിൽ ഉയർത്തിയത്.

Summary: The Kerala High Court will hear again today the plea to cancel anticipatory bail of Eldose P Kunnapillil MLA in the sexual harassment case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News