കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ
മലപ്പുറത്ത് സംഘർഷം, ഐ.എസ്.എൽ താരത്തെ താഴെയിറക്കി പൊലീസ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ. പലയിടത്തും സംഘർഷങ്ങൾ ഉടലെടുത്തു. മലപ്പുറത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. സി.പി.എം പതാകയുമായി സർക്കിളിന് മുകളിൽ കയറിയ ഐ.എസ്.എൽ താരം മഷ്ഹൂർ ഷെരീഫിനെ പൊലീസ് താഴെയിറക്കി. പ്രവർത്തകരോട് പിന്തിരിയാൻ എൽ.ഡി.എഫ് സ്ഥാനാർഥി വസീഫ് ആഹ്വാനം ചെയ്തു.
തിരുവനന്തപുരം പേരൂർക്കടയിൽ എൽ.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇടുക്കി തൊടുപുഴയിൽ എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. യു.ഡി.എഫ് പ്രവർത്തകർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നതാണ് പ്രകോപനത്തിന് കാരണം. പൊലീസ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണ്.
കൽപ്പറ്റയിൽ എൽഡിഎഫ് പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിഎംകെ പ്രവർത്തകരുടെ കൊടികൾ വലിച്ചുകീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയച്ചു.
ഡിഎംകെ പ്രവർത്തകർ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നു. എൽഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘർഷത്തിന് കാരണം.