ജീവൻരക്ഷാ മരുന്നുകള്‍ കിട്ടുന്നില്ല; വയനാട്ടിലെ തലാസീമിയ രോഗികൾ ദുരിതത്തിൽ
ചികിത്സക്കായി മാസത്തിൽ രണ്ടോ മൂന്നോ തവണ ചുരമിറങ്ങി കോഴിക്കോടോ കണ്ണൂരോ പോകേണ്ടി വരുന്നത് കടുത്ത ബുദ്ധിമുട്ടാണ് രോഗികൾക്കുണ്ടാക്കുന്നത്
ജീവൻ രക്ഷാ മരുന്നുകളോ ലൂക്കോസൈറ്റ് ഫിൽറ്റർ സെറ്റുകളോ ലഭിക്കാതെ വയനാട്ടിലെ തലാസീമിയ രോഗികൾ ദുരിതത്തിൽ. വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികളാണ് മരുന്ന് ലഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്. സർക്കാരിന്‍റെ ആശാധാരാ പ്രോജക്റ്റ് പ്രകാരം രോഗികൾക്ക് മരുന്ന് നൽകാൻ നിർദേശം ഉണ്ടെങ്കിലും വയനാട് ജില്ലയിൽ ഈ മരുന്നുകൾ ലഭ്യമല്ല.
ദിവസവും കഴിക്കേണ്ട വിലയേറിയ മരുന്നുകൾ തുടർചയായി കഴിച്ചില്ലെങ്കിൽ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാവും. ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് ഉപയോഗിക്കാതെ രക്തം സ്വീകരിച്ചാൽ ഗുരുതരമായ പാർശ്വഫലങ്ങളുമുണ്ടാകും. എന്നാൽ ഇതിനായി നൂറു കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വയനാട്ടിലെ തലാസിമിയ രോഗികൾ
വയനാട്ടിൽ മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കാനുള്ള ഇന്‍റന്‍റ് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ആശാധാരാ പ്രൊജക്ട് നോഡൽ ഓഫീസർ ഡോ. സജേഷ് പറഞ്ഞു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇതിന്മേൽ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് രോഗികളുടെ ആക്ഷേപം. ചികിത്സക്കായി മാസത്തിൽ രണ്ടോ മൂന്നോ തവണ ചുരമിറങ്ങി കോഴിക്കോടോ കണ്ണൂരോ പോകേണ്ടി വരുന്നത് കടുത്ത ബുദ്ധിമുട്ടാണ് രോഗികൾക്കുണ്ടാക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു