ബിജെപിയിലേക്ക് വരാൻ ഇ.പി ജയരാജൻ എന്നോട് ചർച്ചനടത്തി; ശോഭാ സുരേന്ദ്രൻ

രാമനിലയത്തിൽവെച്ചാണ് ചർച്ചനടത്തിയതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു

Update: 2024-11-02 10:07 GMT
Advertising

തൃ​​ശൂർ: മുൻ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ വെച്ച് ഇ.പി. ജയരാജൻ നടത്തി. ആ ജയരാജനാണ് ഇപ്പോൾ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുകയാണ്. ശോഭ സുരേന്ദ്രനെന്ന പൊതുപ്രവർത്തക കേരളത്തില്‍ ഉണ്ടാകരുതെന്ന് ഒന്നാമത് ആഗ്രഹിക്കുന്ന ആളാണ് പിണറായി. രണ്ടാമതായി ആഗ്രഹിക്കുന്നത് ഗോകുലം ഗോപാലനാണ്.

പാർട്ടി മാറാനായി രാമനിലയത്തിൽ മുറിയെടുത്ത് ചർച്ചനടത്തിയ ഇ.പി ജയരാജനാണ് മൂന്നാമത്തെ ആളെന്നും ശോഭ ആരോപിച്ചു. പാർട്ടിമാറാൻ വേണ്ടിയുള്ള ചർച്ചകൾ ഡൽഹിവരെയെത്തി. തൃശൂർ രാമനിലയത്തി​ലെ മുറിയെടുത്താണ് ചർച്ചനടത്തിയത്. 101-ാം നമ്പർ മുറിയെടുത്ത ഇ.പി ജയരാജൻ 107 -ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന ശോഭാ സുരേന്ദ്രനെ കാണാൻ 102 ാം നമ്പർ മുറി കടന്നുവരാൻ ബുദ്ധിമുട്ടുണ്ട്, ആ ആ മുറിയിൽ മന്ത്രി കെ.രാധാകൃഷ്ണനുണ്ടെന്ന് പറഞ്ഞ ഇ.പി ജയരാജനാണ് ഇപ്പോൾ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും ശോഭ ആരോപിച്ചു.

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ജില്ലാ ഓഫീസ്‌ സെക്രട്ടറിയുടെ വെളിപ്പെടുത്തലിലും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. തിരൂർ സതീശിനു പിന്നിൽ താനാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണ്. സതീശുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആരോപണം കള്ളമാണെന്നും ശോഭ പറഞ്ഞു.

തിരൂർ സതീശിനെ മാധ്യമങ്ങൾ വാഴ്ത്തുകയാണെന്ന് അവർ വിമർശിച്ചു. സതീശ് ഏത് സൊസൈറ്റിയിൽനിന്നാണ് ലോൺ എടുത്തിട്ടുള്ളതെന്നു മാധ്യമപ്രവർത്തകർ അന്വേഷിക്കണം. കഴിഞ്ഞ കാലങ്ങളിൽ എത്ര രൂപ തിരിച്ചടച്ചുവെന്നും അന്വേഷിക്കണം.

സതീശിന് പുറകിൽ താനാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. സതീശിന്റെ പിറകിൽ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമപ്രവർത്തകർക്ക് എങ്ങനെയാണ് കഴിയുന്നത്? സതീശ് എത്ര തവണ സംസ്ഥാനം വിട്ടുവെന്നുപോലും അന്വേഷിച്ചിട്ടില്ല. സതീശിന്റെയും മറ്റു ചിലരുടെയും ഫോൺകോളുകൾ കിട്ടാൻ എനിക്ക് പ്രയാസമില്ല. സതീശുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. രണ്ടു മാസംമുൻപ് കണ്ടുവെന്ന ആരോപണം കള്ളമാണ്. എന്റെ ഒരു പ്രവർത്തനത്തിലും സതീശ് പങ്കാളിയായിട്ടില്ല. അയാൾ തന്റെ ഡ്രൈവറുമല്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് കേരള രാഷ്ട്രീയത്തിൽനിന്നു പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്ക് അയയ്ക്കാൻ ശ്രമിക്കുന്നവരുടെ മുഖപടം ചീന്തിയെറിയും. അതിനുള്ള ആവശ്യത്തിനുള്ള ബന്ധം എനിക്ക് കേന്ദ്രത്തിലുണ്ട്. സതീശിന്റെയും ചില പ്രത്യേക ആളുകളുടെയും ഫോൺ കോളുകൾ എടുപ്പിക്കാനാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News