ജനാഭിമുഖ കുർബാനയിൽ പ്രതിഷേധം കടുക്കും; അനിശ്ചിതകാല സമരം ആരംഭിക്കാൻ വിമത വിഭാഗം

ഫെറോനകൾ കേന്ദ്രീകരിച്ച് കാംപയിൻ ആരംഭിച്ചു

Update: 2022-11-12 01:15 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ജനാഭിമുഖ കുർബാന നിർത്തലാക്കി ഒരു വർഷം തികയുമ്പോൾ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം. ഈ മാസം 27നുള്ളിൽ ആവശ്യം അംഗീകരിച്ച് അഡ്മിനിസ്‌ട്രേറ്ററായ മാർ ആൻഡ്രൂസ് താഴത്ത് മറുപടി നൽകിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സമരത്തിന് പിന്തുണ തേടി പള്ളികളിൽ കാംപയിൻ ആരംഭിച്ചിട്ടുണ്ട്.

കുർബാന വിവാദത്തിൽ മാർപ്പാപ്പ പറഞ്ഞതാണ് നിയമാനുസൃതമെന്ന് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. ഇക്കാര്യത്തിൽ അതിരൂപത ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നാണ് വിശ്വാസം. പരിഷ്‌കരിച്ച കുർബാനയിൽ ഇളവ് വേണ്ടവർ അപേക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സി.ബി.സി.ഐ അധ്യക്ഷനായ ശേഷം കൊച്ചിയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു പ്രതികരണം.

ജനാഭിമുഖ കുർബാന പുനഃസ്ഥാപിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും അൽമായ മുന്നേറ്റവും നിരന്തം ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അഡ്മിനിസ്‌ട്രേറ്ററായ മാർ ആൻഡ്രൂസ് താഴത്ത് തള്ളിയിരുന്നു. ഇതേതുടർന്നാണ് ഈ മാസം 27നുള്ളിൽ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് അഡ്മിനിസ്‌ട്രേറ്റർക്ക് വിമത വിഭാഗം കൈമാറിയത്.

നോട്ടീസിനോട് മാർ ആൻഡ്രൂസ് താഴത്ത് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതോടെയാണ് അനിശ്ചിതകാല സമരം ആരംഭിക്കാനുള്ള നീക്കം. സമരം ആരംഭിക്കുന്നതിന് മുന്നോടിയായി 16 ഫെറോനകൾ കേന്ദ്രീകരിച്ചും വിമത വിഭാഗം കാംപയിൻ നടത്തുന്നുണ്ട്. പരമാവധി വിശ്വാസികളെ സമരത്തിന് എത്തിക്കാനാണ് ശ്രമം. പരിഷ്‌കരിച്ച കുർബാനയ്ക്ക് മാർ ആൻഡ്രൂസ് എറണാകുളം അങ്കമാലി അതിരൂപതകൾക്കുകീഴിലെ പള്ളികളിലെത്തിയാൽ തടയുമെന്നും വിമത വിഭാഗം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം നവംബർ 28നാണ് ജനാഭിമുഖ കുർബാനയ്ക്കു പകരം പരിഷ്‌കരിച്ച കുർബാന നടപ്പിലാക്കാൻ സിനഡ് നിർദേശം നൽകിയത്. മാർപ്പാപ്പയുടെ നിർദേശ പ്രകാരമാണ് ഇതെന്നായിരുന്നു സിറോ മലബാർ സഭയുടെ വാദം. എന്നാൽ, പരിഷ്‌കരിച്ച കുർബാന അംഗീകരിക്കാൻ കഴിയില്ലെന്നാണ് തുടക്കം മുതലുള്ള വിമത വിഭാഗത്തിന്റെ നിലപാട്.

Summary: The dissident faction of Ernakulam-Angamaly Archdiocese is set to intensify its protest on the anniversary of the abolition of public Qurbana.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News