എറണാകുളം ജില്ല സി.പി.എമ്മിലെ കൂട്ട നടപടി; ലക്ഷ്യം വിഭാഗീയത പ്രവർത്തനങ്ങൾക്ക് തടയിടൽ
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഉൾപ്പെടെ സസ്പെൻഡ് ചെയ്തതോടെ സമ്മേളന കാലയളവിലെ വിഭാഗീയത പ്രവർത്തനങ്ങൾക്കും തടയിടാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ
സീറ്റ് മോഹവും വിഭാഗീയത പ്രവർത്തനങ്ങളും എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന വിലയിരുത്തലിനൊടുവിലാണ് പാർട്ടി നേതാക്കൾക്കെതിരെ സി.പി.എം കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഉൾപ്പെടെ സസ്പെൻഡ് ചെയ്തതോടെ സമ്മേളന കാലയളവിലെ വിഭാഗീയത പ്രവർത്തനങ്ങൾക്കും തടയിടാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളത്ത് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെയാണ് സി.പി.എം സസ്പെന്‍ഡ് ചെയ്തത്. നടപടിക്ക് വിധേയരായവരിൽ പലരും നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാവുമെന്ന് പ്രതീക്ഷ പുലർത്തിയിരുന്നവരായിരുന്നു. പെരുമ്പാവൂർ, പിറവം സീറ്റുകളിലെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന എൻ.സി മോഹനനും ഷാജു ജേക്കബും കേരള കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പെരുമ്പാവൂരിലെ സിപിഎം പ്രവർത്തകർ ഇരു വിഭാഗമായി വേർതിരിഞ്ഞ് പ്രവർത്തിച്ചതും അതിന് നേതൃത്വം നൽകിയതുമാണ് മുൻ എം.എൽ.എ സാജു പോളിന്‍റെ സസ്പെൻഷന് വഴിതെളിച്ചത്.
പാർട്ടിക്കുള്ളിലെ വിഭാഗീയത പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമായി നില നിൽക്കുന്ന ജില്ലയാണ് എറണാകുളം. തൃക്കാക്കരയിൽ മുന്നോട്ട് വെച്ച സ്വതന്ത്ര്യ സ്ഥാനാർഥിയോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ മണിശങ്കർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. തൃക്കാക്കരയിൽ പ്രചാരണ രംഗത്ത് സി.പി.എം പ്രവർത്തകരെ സജീവമാക്കാൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മണിശങ്കർ യാതൊരു ശ്രമവും നടത്തിയില്ലെന്നാണ് കണ്ടെത്തൽ. മണ്ഡലത്തിൽ പരാജയപ്പെട്ടാൽ ജില്ല സെക്രട്ടറിയുൾപ്പെടെയുള്ളവർ കെട്ടിയിറക്കിയ സ്ഥാനാർഥി കാരണമായിരിക്കുമെന്ന പ്രചാരണവും സജീവമായിരുന്നു. ജില്ലയിൽ വിഭാഗീയത പ്രവർത്തനങ്ങൾ ശക്തമാകുന്നുവെന്ന വിലയിരുത്തലുകൾക്കിടെയാണ് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ സി കെ മണിശങ്കറിനെ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സസ്പെൻഡ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
തൃക്കാക്കരയിലെ തോൽവി തന്നെയാണ് വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ.ഡി വിൻസെന്‍റിനെയും സസ്പെൻഡ് ചെയ്യാൻ കാരണമാക്കിയത്. തെരഞ്ഞെടുപ്പ് തോൽവിയിൽ ജില്ലാ പ്രാദേശിക വ്യത്യാസമില്ലാതെ സസ്പെൻഷൻ നടപടിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ജില്ലയിൽ പുതുതായി രൂപപ്പെട്ടു വന്ന വിഭാഗീയത പ്രവർത്തനങ്ങൾക്കും ഇതോടെ തടയിടാനാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതീക്ഷ.