എരുമേലി പേട്ടതുള്ളൽ ഇന്ന്
മകരവിളക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരും
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. വർണ്ണ വൈവിധ്യങ്ങളുടെ അമ്പലപ്പുഴ സംഘവും ചടുലതാളത്തോടെ ആലങ്ങാട് സംഘവും പേട്ട തുള്ളുന്നതോടെ എരുമേലി ഭക്തി സാന്ദ്രമാകും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്.
ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ തുടങ്ങും.വൈകിട്ട് മാനത്ത് തെളിയുന്ന നക്ഷത്രം സാക്ഷിയാക്കിയായിരിക്കും ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. രണ്ട് സംഘങ്ങൾക്കും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകും. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ എരുമേലിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
അതെ സമയം മകരവിളക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരും. ദേവസ്വം പ്രസിഡണ്ട്,സന്നിധാനം സ്പെഷ്യൽ ഓഫീസർ,ശബരിമല എഡിഎം തുടങ്ങിയവർ പങ്കെടുക്കും.
ദേവസം പ്രസിഡണ്ട് നേതൃത്വത്തിൽ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ ഇന്നലെ വിലയിരുത്തിയിരുന്നു. മകര ജ്യോതി ദർശനത്തിനായുള്ള പത്തു പോയിന്റുകളിലെ സുരക്ഷയും മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേടിലേക്ക് തീർത്ഥാടകരെ കയറ്റി വിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.
മകരവിളക്കിനായി നട തുറന്ന ശേഷം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർത്ഥാടകരുടെ തിരക്ക് കുറവായിരുന്നു. മകരവിളക്കിനായി നട തുറന്നശേഷം ഏറ്റവും കുറവ് തീർത്ഥാടകർ എത്തിയത് ഇന്നലെയാണ്. സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയതും എരുമേലി പേട്ട തുള്ളലിന്റെ തലേദിവസം ആയതും തിരക്ക് കുറയാൻ കാരണമായി കരുതുന്നത്.൧൫ നാണ് മകരവിളക്ക് .