ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം; രുദ്രാക്ഷമാല മാറ്റിയെന്ന സൂചന നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട്

സ്വര്‍ണ്ണം കെട്ടിയ 81 രുദ്രാക്ഷ മുത്തുകളുള്ള മാലയാണ് 2006ല്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനായ ഭക്തന്‍ സമര്‍പ്പിച്ചത്. എന്നാല്‍ നിലവില്‍ ദേവസ്വം വിജിലന്‍സിന്റെ കണക്കെടുപ്പില്‍ കണ്ടത് 72 രുദ്രാക്ഷ മുത്തുകളോട് കൂടിയ മാലയാണ്.

Update: 2021-09-02 03:58 GMT
Advertising

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ ഒരു മാല മാറ്റിയെന്ന സൂചന നല്‍കി ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ ഒരു മാല ഏതെങ്കിലും തരത്തില്‍ നഷ്ടപ്പെട്ടതാണോ അതോ കണക്കെടുപ്പ് സമയത്ത് പകരം മാല വെച്ചതാണോ എന്നുള്ള കാര്യം പരിശോധിക്കണമെന്നാണ് ദേവസ്വം വിജിലന്‍സ് എസ്.പി പി.വി ജോയ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വര്‍ണ്ണംകെട്ടിയ 81 രുദ്രാക്ഷ മുത്തുകളുള്ള മാലയാണ് 2006ല്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനായ ഭക്തന്‍ സമര്‍പ്പിച്ചത്. എന്നാല്‍ നിലവില്‍ ദേവസ്വം വിജിലന്‍സിന്റെ കണക്കെടുപ്പില്‍ കണ്ടത് 72 രുദ്രാക്ഷ മുത്തുകളോട് കൂടിയ മാലയാണ്. മാലയുടെ മുത്തുകളില്‍ ഉണ്ടായ കുറവ് ദേവസ്വം ബോര്‍ഡിനെ യഥാസമയം അറിയിക്കുന്നതില്‍ ഏറ്റൂമാനൂരിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2006 മുതലുള്ള മേല്‍ ശാന്തിമാര്‍ അന്ന് മുതലുള്ള അക്കൗണ്ടന്റുമാര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ മറ്റു കീഴ് ശാന്തിമാര്‍ തുടങ്ങിയവരുടെ മൊഴിയെടുത്ത ശേഷമാണ് ഇത്തരത്തില്‍ ഒരു വിശദമായ റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് നല്‍കിയിരിക്കുന്നത്. മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News