തൃക്കാക്കര ഓണസമ്മാന വിവാദം; പണം തിരികെ നൽകുന്ന ദൃശ്യങ്ങൾ മീഡിയവണിന്
തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തെന്ന ആരോപണം യു.ഡി.എഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്
തൃക്കാക്കര നഗരസഭ അധ്യക്ഷ ഓണസമ്മാനമായി നൽകിയ പണം കോൺഗ്രസ് കൗൺസിലർമാർ തിരികെ നൽകുന്ന ദൃശ്യങ്ങൾ മീഡിയവണിന്. നഗരസഭ അധ്യക്ഷ അജിതാ തങ്കപ്പനാണ് കൗൺസിലർമാർ പണം മടക്കി നൽകുന്നത്. കോൺഗ്രസിന്റെ കൗൺസിലർ തന്നെ പണം തിരികെ നൽകിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത് . തിരികെ ലഭിച്ച പണം അധ്യക്ഷ നീക്കി വെക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പണം വിതരണം ചെയ്തുവെന്ന വാർത്തകൾ അജിത തങ്കപ്പൻ നിഷേധിച്ചിരുന്നു.
തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തെന്ന ആരോപണം യു.ഡി.എഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തെരുവനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചെയര്‍പേഴ്സണെതിരെ പുതിയ ആരോപണമുയര്‍ന്നിരിക്കുന്നത്. ഭരണസമിതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനുളള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. അഴിമതിനടത്തിയതിലൂടെ ലഭിച്ച തുകയില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചെയര്‍പേഴ്സന്റെ മുറിയില്‍ വെച്ചാണ് ഓണക്കോടിക്കൊപ്പം പണമടങ്ങിയ കവര്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.