എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന‍ പ്രായപരിധിയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍

രാജി, വിരമിക്കൽ, സ്ഥാനക്കയറ്റം തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ഇളവ്.

Update: 2021-09-30 12:46 GMT
Editor : Suhail | By : Web Desk
Advertising

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന‍ പ്രായപരിധിയില്‍ ഒരു വര്‍ഷത്തെ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് കാലത്ത് നിയമനം നടക്കാതിരുന്നത് കണക്കിലെടുത്താണ് നടപടി. എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അധ്യാപക നിയമനത്തിലെ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി.

കോവിഡ് സാഹചര്യമായതിനാല്‍ 2020-21 അധ്യയന വര്‍ഷം അധ്യാപക നിയമനം നടത്തേണ്ടെന്ന് സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2019-20 വര്‍ഷത്തെ തസ്തിക നിര്‍ണയം അതേപടി തുടര്‍ന്നുള്ള രണ്ട് അധ്യയന വര്‍ഷങ്ങളിലും തുടരാനും നിശ്ചയിച്ചിരുന്നു.

സ്‌കൂള്‍ തുറക്കാത്തതിനാല്‍ 2020-21 വര്‍ഷം നിയമിതരാകേണ്ടിയിരുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനം നല്‍കാനും കഴിഞ്ഞില്ല. ഇങ്ങനെ നിയമനം ലഭിക്കേണ്ടിയിരുന്ന നിരവധി പേര്‍ക്ക് 40 വയസ് പൂര്‍ത്തിയായതിനാല്‍ ഇനി നിയമനം ലഭിക്കില്ലെന്ന പരാതിയും വിദ്യാഭ്യാസ വകുപ്പിന് മുന്നിലെത്തി. ഈ പരാതികള്‍ കൂടി പരിഗണിച്ച് 2021 ജനുവരി ഒന്നിന് 40 വയസ് കഴിയുന്നവര്‍ക്ക് നിയമന അംഗീകാരം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

തുടര്‍ന്നാണ് ഇവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഒരു വര്‍ഷത്തെ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. രാജി, വിരമിക്കൽ, സ്ഥാനക്കയറ്റം തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ഇളവ്. ഈ ഇളവ് പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റ് ന്യൂന പക്ഷങ്ങൾക്കും ബാധകമാക്കിയാണ് ഉത്തരവ്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News