പ്രവാസിയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം: അടിമുടി ദുരൂഹത, ആശുപത്രിയിലെത്തിച്ച ആള്‍ക്കായി തെരച്ചില്‍
ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു
പെരിന്തല്‍മണ്ണ: വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീലാണ് ക്രൂര മർദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ചത്. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. അബ്ദുൽ ജലീലിനെ ആശുപത്രിയിലെത്തിച്ച യഹിയ എന്നയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശി യഹിയയാണ് അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കേസിൽ മൂന്ന് പേരെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. ഈ മാസം 15നാണ് രണ്ടര വർഷത്തിന് ശേഷം ജലീല്‍ നാട്ടിലെത്തിയത്. 10 വർഷമായി പ്രവാസിയാണ്.
ഇന്നലെ രാവിലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അബ്ദുൽ ജലീൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അർധരാത്രിയാണ് മരിച്ചത്. ഏതെങ്കിലും തരത്തിൽ ശത്രുക്കൾ ഉള്ളയാളല്ല ജലീൽ എന്ന് ബന്ധുക്കൾ പറയുന്നു. ക്രൂര മർദനങ്ങൾക്കിരയായിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയത്തിലാണ് പൊലീസ്.
അടിമുടി ദുരൂഹത
ജലീലിന്റെ മരണത്തിൽ അടിമുടി ദുരൂഹത തുടരുന്നു. ബന്ധുക്കളോട് പെരിന്തൽമണ്ണയിൽ കൂട്ടാൻ വരണമെന്ന് ജലീൽ ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഭാര്യയെ വിളിച്ച് വരേണ്ടന്നും നാട്ടിൽ എത്താൻ വൈകുമെന്നും അറിയിക്കുകയായിരുന്നു.
മെയ് 15ന് രാവിലെ 9.45 ഓടെയാണ് ജലീൽ ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. പെരിന്തൽമണ്ണ വരെ സുഹൃത്തിനൊപ്പം വരാമെന്നും അവിടെ നിന്ന് കൊണ്ടുപോകാൻ വരണമെന്നും ഭാര്യയെയും ബന്ധുക്കളെയും അറിയിച്ചു. അടുത്ത ദിവസവും ജലീല്‍ എത്താത്തതിനാല്‍ ബന്ധുക്കള്‍ അഗളി പൊലീസിനെ സമീപിച്ചു. ജലീൽ ഭാര്യയെ വീണ്ടും വിളിച്ചു. പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.
പിന്നീടാണ് ബന്ധുക്കൾക്ക് അജ്ഞാതന്‍റെ കോൾ വരുന്നത്. മേലാറ്റൂര്‍ ആക്കപറമ്പ് വഴിയരികിൽ പരിക്കേറ്റ് കിടന്ന ജലീലിനെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണം സംഭവിച്ചു.