പ്രവാസിയെ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊന്ന കേസ്: മുഖ്യപ്രതി യഹിയ പിടിയില്‍

അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ നിലയില്‍ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു.

Update: 2022-05-24 03:04 GMT
Advertising

മലപ്പുറം: അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീലിനെ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ പിടിയിൽ. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ നിലയില്‍ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു.

ഇന്നലെ അര്‍ധരാത്രിയിലാണ് യഹിയയെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്. പാണ്ടിക്കാട് ഒരു വീടിന്‍റെ ശുചിമുറിയില്‍ യഹിയ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇയാളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജലീലിന്‍റെ കൊലപാതകത്തില്‍ എത്തിയതെന്ന് ഇതുവരെ പിടിയിലായ പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ യഹിയ ഇതിനു മുന്‍പ് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടില്ല. ഇതിന് മുന്‍പ് ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിലുണ്ടായിരുന്നോ, ജലീല്‍ സ്വര്‍ണം കടത്തിയോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

മെയ് 19നാണ് ജലീലിനെ പരിക്കുകളോടെ യഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വഴിയരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടതിനാല്‍ ആശുപത്രിയില്‍ എത്തുക്കുകയായിരുന്നുവെന്നാണ് യഹിയ ആശുപത്രി അധികൃതരോട് പറഞ്ഞത്. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. എന്നാല്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ തിരിച്ചറിഞ്ഞു.

ജലീലിന്‍റെ മരണത്തില്‍ തുടക്കം മുതല്‍ അടിമുടി ദുരൂഹതയായിരുന്നു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം ജലീലിനെ കാണാതാവുകയായിരുന്നു. വിമാനത്താവളത്തില്‍ വരേണ്ട, വീട്ടിലെത്താം എന്നാണ് ജലീല്‍ വീട്ടില്‍ വിളിച്ചുപറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ജലീല്‍ വീട്ടില്‍ വിളിച്ച് അടുത്ത ദിവസമെത്തുമെന്നും പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 19നാണ് പരിക്കേറ്റ നിലയില്‍ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം മരണം സംഭവിച്ചു. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News