തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച: പ്രധാന നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം
കുണ്ടറ, തൃപ്പൂണിത്തുറ, കുറ്റ്യാടി, അമ്പലപ്പുഴ, അരുവിക്കര മണ്ഡലങ്ങളിലെ പ്രചരണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ വീഴ്ച വരുത്തിയെന്ന വിലയിരുത്തലാണ് ജില്ലഘടകങ്ങള്‍ക്കുള്ളത്
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയെങ്കിലും വിവിധ മണ്ഡലങ്ങളിലുണ്ടായ വിജയപരാജയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് സി.പി.എം നടത്തുന്നത്. എല്ലാ ജില്ല കമ്മിറ്റികളും തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്താഴ്ച നാല് ദിവസം സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും. 6,7 തീയതികളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും 9.10 തീയതികളില്‍ സംസ്ഥാന സമിതി യോഗവും നടക്കും. പ്രധാനപ്പെട്ട ചില നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യമുന്നയിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ജില്ലാഘടകങ്ങള്‍ തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
കുണ്ടറ, തൃപ്പൂണിത്തുറ, കുറ്റ്യാടി, അമ്പലപ്പുഴ, അരുവിക്കര മണ്ഡലങ്ങളിലെ പ്രചരണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ വീഴ്ച വരുത്തിയെന്ന വിലയിരുത്തലാണ് ജില്ലാ ഘടകങ്ങള്‍ക്കുള്ളത്. കുറ്റ്യാടിയില്‍ വിജയിച്ചെങ്കിലും കെ.പി കുഞ്ഞമദ്കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാഘടകത്തിന്‍റെ ശുപാര്‍ശ. അമ്പലപ്പുഴയില്‍ ജി സുധാകരനും, അരുവിക്കരയില്‍ വി.കെ മധുവും പ്രചരണത്തില്‍ സജീവമാകാതിരുന്നത് വീഴ്ചയാണെന്നും അതത് ജില്ലാ സെക്രട്ടറിയേറ്റുകള്‍ സംസ്ഥാനഘടകത്തെ അറിയിച്ചിട്ടുണ്ട്. കുണ്ടറയിലും, തൃപ്പൂണിത്തുറയിലും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതും പരിശോധിച്ചു. എല്ലാ ജില്ലാ സെക്രട്ടറിയേറ്റുകളും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. അതിലായിരിക്കും നേതാക്കള്‍ക്കെതിരായ നടപടികള്‍ക്ക് അനുമതി നല്‍കുക.