കൃത്രിമ സ്ക്രീൻഷോട്ട്: പിന്നിൽ ലീഗും ജമാഅത്തുമെന്ന് കെ.ടി ജലീൽ
ഇതുകൊണ്ടൊന്നും എന്നെ തോൽപ്പിക്കാമെന്നും നിശബ്ദനാക്കാമെന്നും ആരും കരുതേണ്ടെന്നും ജലീൽ
കോഴിക്കോട്ട്: മതപണ്ഡിതൻ ശുഐബുൽ ഹൈതമിയും പ്രൊഫ.സി രവിചന്ദ്രനും തമ്മിൽ കോഴിക്കോട് നടന്ന സംവാദവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ട് കൃത്രിമമാണെന്ന് കെ.ടി ജലീൽ. അതിന് പിന്നിൽ മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയുമാണെന്നും ജലീൽ ആരോപിച്ചു.
കോഴിക്കോട് നടന്ന സംവാദവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിന്റെ പോസ്റ്റെന്ന പേരിൽ കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽമീഡിയകളിലും വാട്സ്ആപ്പുകളിലും വ്യാപകമായി ഒരു സ്ക്രീൻ ഷോട്ട് ഷെയർ ചെയ്യപ്പെട്ടിരുന്നു. അത് വ്യാജസ്ക്രീൻ ഷോട്ടാണെന്ന് പറഞ്ഞ് കെ.ടി ജലീൽ ഫേസ്ബുക്കിൽ ഇന്നെഴുതിയ കുറിപ്പിലാണ് പ്രചരിപ്പിക്കുന്നതിന് പിന്നിൽ മുസ്‍ലിം ലീഗ് സൈബർ പ്രവർത്തകരും ജമാഅത്തെ ഇസ്ലാമിക്കാരുമാണെന്ന് ആരോപിച്ചിരിക്കുന്നത്.
എന്നെ തോൽപ്പിക്കാൻ പല വഴികളും നോക്കിയിട്ടും നടക്കില്ലെന്ന് കണ്ടപ്പോഴാണ് വ്യാജ സ്ക്രീൻഷോട്ടുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഞാൻ പോസ്റ്റ് ചെയ്ത ശേഷംമുക്കിയതാണ് ഇതെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്ന് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൃത്രിമ സ്ക്രീൻഷോട്ട്: പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും
ശുഐബ് ഹൈതമിയും രവീന്ദ്രനും നടത്തിയ സംവാദവുമായി ബന്ധപ്പെട്ട് എന്റെ പേരിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് പ്രചരിപ്പിക്കുന്നവരിൽ മുൻപന്തിയിലുള്ളത് ജമാഅത്തെ ഇസ്ലാമിക്കാരും ലീഗ് സൈബർ വീരൻമാരുമാണ്. എന്നെ തോൽപ്പിക്കാൻ പല വഴികളും നോക്കി. നടക്കില്ലെന്ന് കണ്ടപ്പോഴാണ് ഈ വ്യാജ സ്ക്രീൻഷോട്ടുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഞാൻ പോസ്റ്റ് ചെയ്ത ശേഷം "മുക്കി"യതാണ് ഇതെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ട.