'ഭാഗിക ആശ്വാസം, പൂർണ നീതി കിട്ടേണ്ടത് കോടതിയിൽ നിന്ന്'; ദിവ്യയെ നീക്കിയതിൽ നവീന്റെ കുടുംബം
എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
പത്തനംതിട്ട: എഡിഎമ്മിന്റെ ആത്മഹത്യയിൽ പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനത്തുനിന്ന് നീക്കുകയും സിപിഎം നിർദേശപ്രകാരം അവർ രാജിവയ്ക്കുകയും ചെയ്തതിൽ പ്രതികരണവുമായി നവീൻ ബാബുവിന്റെ കുടുംബം. ഇത് ഭാഗികമായ ആശ്വാസം മാത്രമാണെന്നും പൂർണ നീതി കിട്ടേണ്ടത് കോടതിയിൽ നിന്നാണെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു മീഡിയവണിനോട് പറഞ്ഞു.
'ഭാഗികമായ ആശ്വാസമുണ്ട്. ഒരു അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തിയെ അവിടെനിന്ന് നീക്കിയാൽ സ്വാധീനം കുറവുണ്ടാകും. പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച് ശരിയായ കുറ്റപത്രം സമർപ്പിച്ച് അതിലൂടെ കോടതി ശിക്ഷ വിധിക്കുമ്പോഴേ പൂർണ നീതി കിട്ടൂ'- പ്രവീൺ ബാബു വിശദമാക്കി.
കേസിന്റെ മറ്റു വിശദാംശങ്ങൾ അറിഞ്ഞശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. ദിവ്യക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സിപിഎം നടപടി സ്വീകരിച്ചത്. ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ഇതനുസരിച്ച് അവർ രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു.
ദിവ്യക്ക് പകരം കെ.കെ രക്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ വൻ പ്രതിഷേധമുണ്ടാവുകയും നടപടിക്ക് സിപിഎമ്മിൽ സമ്മർദമേറുകയും നേതാക്കളക്കം അവരെ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി നടപടി.