പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: തങ്കം ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
ഐശ്വര്യയുടെയും കുഞ്ഞിന്റെയും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം ആരംഭിക്കാനാണ് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദസംഘത്തിന്റെ തീരുമാനം
പാലക്കാട്: തങ്കം ആശുപത്രിക്കെതിരായ ചികിത്സാപിഴവ് ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ മരിച്ച ഐശ്വര്യയുടെ കുടുംബം. ഇന്ന് തിരുവനന്തപുരത്തെത്തുന്ന കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറും. ഡോക്ടർമാർക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഐശ്വര്യയും കുഞ്ഞും മരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഡോക്ടർമാർക്കോ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളെയോ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ കുടുംബം തീരുമാനിച്ചത്. സമാനരീതിയിൽ തങ്കം ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ച കുടുംബങ്ങളുടെ ചികിത്സാരേഖകളും സാഹചര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ക്ലിനിക്കൽ എസ്റ്റാബിളിഷ്‌മെന്റ് ആക്റ്റ് പ്രകാരം നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു.
ഐശ്വര്യയുടെയും കുഞ്ഞിന്റെയും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം ആരംഭിക്കാനാണ് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദസംഘത്തിന്റെ തീരുമാനം. പൊലീസ് അന്വേഷണവും മുന്നോട്ട് പോകണമെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഐശ്വര്യയ്ക്കും കുഞ്ഞിനും ശേഷം കോങ്ങാട് സ്വദേശിനി കാർത്തികയും ശസ്ത്രക്രിയക്ക് പിന്നാലെ ആശുപത്രിയിൽവെച്ച് മരിച്ചിരുന്നു. മൂന്ന് മരണങ്ങളിലും ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്നാണ് മാനേജ്മെന്റ് വിശദീകരണം. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിലെ ആശങ്ക വ്യക്തമാക്കാൻ കുടുംബം മുഖ്യമന്ത്രിയെ നേരിൽകാണുന്നത്.