ഹേമാ കമ്മിറ്റി റിപ്പോർട്ട്; ഫെഫ്കയുടെ യോഗങ്ങള്‍ അവസാനിച്ചു, നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറും

സിനിമയിലെ വ്യത്യസ്ത സാങ്കേതിക പ്രവർത്തകർ രൂപീകരിച്ച 21 സംഘടനകളുടെ ഫെഡറേഷനാണ് ഫെഫ്ക

Update: 2024-09-05 01:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാന്‍ വിളിച്ചു ചേർത്ത ഫെഫ്കയുടെ യോഗങ്ങള്‍ അവസാനിച്ചു. ഫെഫ്കയിലെ 21 സംഘടനകള്‍ മൂന്നു ദിവസങ്ങളിലായി കൊച്ചിയില്‍ യോഗം ചേർന്നാണ് ചർച്ചകള്‍ പൂർത്തിയാക്കി നിർദേശങ്ങള്‍ തയ്യാറാക്കിയത്. ഈ നിർദേശങ്ങള്‍ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ ക്രോഡീകരിച്ച് സർക്കാരിന് കൈമാറും.

സിനിമയിലെ വ്യത്യസ്ത സാങ്കേതിക പ്രവർത്തകർ രൂപീകരിച്ച 21 സംഘടനകളുടെ ഫെഡറേഷനാണ് ഫെഫ്ക. ഫെഫ്ക ഫെഡറേഷന്‍റെ നിർദേശ പ്രകാരം 21 സംഘടനകളും പ്രത്യേകം യോഗം ചേർന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തു.

തൊഴിലാളികളുടെ അവകാശം, വിവിധ കരാറുകള്‍ തുടങ്ങി സിനിമയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങള്‍ സംഘടനകള്‍ തയ്യാറാക്കി. ഒപ്പം സംഘടനകളിലെ മുഴുവന്‍ വനിതാ അംഗങ്ങളും പ്രത്യേകമായി തന്നെ യോഗം ചേർന്നു. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ചേർന്ന ഈ യോഗം ഹേമ കമ്മിറ്റിയെ തള്ളിപ്പറഞ്ഞെങ്കിലും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പാക്കാനായുള്ള നിർദേശങ്ങള്‍ തയ്യാറാക്കി.

മൂന്നു ദിനം നീണ്ട യോഗങ്ങള്‍ക്കൊടുവില്‍ 21 സംഘടനകള്‍ വെവ്വേറെ തയ്യാറാക്കിയ നിർദേശങ്ങള്‍ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ പരിശോധിക്കും. ഫെഫ്ക ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തിന് ശേഷം ഈ നിർദേശങ്ങള്‍ സംസ്ഥാന സർക്കാരിന് കൈമാറും. സർക്കാർ രൂപീകരിക്കുന്ന സിനിമാ നയത്തില്‍ ഈ നിർദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെടും. 21 സംഘടനകളും ഫെഫ്കയും ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടനാ തലത്തിലുള്ള പരിഷ്കാരങ്ങള്‍ക്ക് സന്നദ്ധമാവും. മൂന്നു ദിവസത്തിനകം അന്തിമ നിർദേശങ്ങള്‍ തയ്യാറാക്കാനാണ് ഫെഫ്കയുടെ തീരുമാനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News