ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് ആവശ്യം

സ്ത്രീ പ്രാതിനിധ്യത്തിന്റെ മറവിൽ സ്വജനപക്ഷപാതികളെ തിരികെ കൊണ്ടുവരാൻ ശ്രമമെന്ന് സംവിധായകൻ ബിജു

Update: 2024-08-26 09:46 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ. ഇക്കാര്യം ആവശ്യപ്പെട്ട് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് ഇതുവരെ ഒരു സ്ത്രീ ഉണ്ടായിട്ടില്ല. അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നാണ് സ്ത്രീപക്ഷ കൂട്ടായ്മ നൽകിയ കത്തിൽ പറയുന്നത്. 'ഇടതുപക്ഷം സ്ത്രീപക്ഷം' എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ല. മലയാള ചലച്ചിത്ര ലോകത്തെ സ്ത്രീവിരുദ്ധതയും ചൂഷണവും അവസാനിപ്പിക്കുന്നതിന്റെ ആദ്യ ചുവടുവയ്പെന്ന നിലയിൽ അധ്യക്ഷ സ്ഥാനത്തേക്ക് കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നുള്ള അഭ്യർത്ഥനയാണ് സ്ത്രീപക്ഷ പ്രവർത്തകർ മുന്നോട്ട് വെയ്ക്കുന്നത്.

Full View

അതേസമയം പുതിയ ചലച്ചിത്ര അക്കാദമി ചെയർമാൻ നിയമനത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ മറവിൽ സ്വജനപക്ഷപാതികളെ തിരികെ കൊണ്ടുവരാൻ ശ്രമമെന്ന് സംവിധായകൻ ഡോ. ബിജു ആരോപിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രാജി വെച്ച സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്ന വാർത്തകൾ സത്യമാവുകയാണെങ്കിൽ കൂടുതൽ ഡിസാസ്റ്റാർ എന്നേ പറയാൻ സാധിക്കൂവെന്ന് ബിജു പറഞ്ഞു.

'നിലവിൽ ഉണ്ടായ വിവാദങ്ങളുടെ മറവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ത്രീ പ്രാതിനിധ്യം വേണം എന്ന പേരിൽ വർഷങ്ങളോളം ചലച്ചിത്ര അക്കാദമിയുടെ കീ പോസ്റ്റിൽ ഇരുന്ന് മേളയെ സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങാക്കി മാറ്റിയ ചിലരെ തിരികെ കൊണ്ടുവരാൻ പിന്നാമ്പുറ നീക്കം നടക്കുന്നതായി വാർത്തകൾ വരുന്നു. ചലച്ചിത്ര മേളയുടെ ചരിത്രം കുറച്ചു വർഷങ്ങൾ പിന്നോട്ട് പരിശോധിച്ചാൽ എത്ര മാത്ര വ്യക്തി താല്പര്യങ്ങൾക്കും സ്വജന പക്ഷപാതത്തിനുമായാണ് ഇവരൊക്കെ ഐ എഫ് എഫ് കെ യെ ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന് മനസ്സിലാകും. 29 വർഷമായിട്ടും മേളയെ അന്താരാഷ്ട്ര പ്രസക്തമായി റീ ഡിസൈൻ ചെയ്യാൻ സാധിക്കാതെ വീണ്ടും പഴയ സ്ഥിരം കമ്മിറ്റിക്കാരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കാൻ ആണ് നീക്കമെങ്കിൽ ഒന്നും പറയാനില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ത്രീ പ്രാതിനിധ്യം വേണമെങ്കിൽ അതിന് ഇപ്പോൾ ഏറ്റവും അനുയോജ്യ രഞ്ജിത്തും കൂട്ടരും പുറത്താക്കിയ ദീപിക സുശീലൻ ആണ്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളുമായി അടുത്തു പരിചയമുള്ള അനുഭവ സമ്പത്തുള്ള വേറെ സ്ത്രീകൾ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം'- എന്നാണ് ബിജു ഫേസ്ബുക്കിൽ കുറിച്ചത്. 


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News