സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾക്ക് ചുമട്ടുതൊഴിലാളികളെ നേരിട്ട് നിയമിക്കാമെന്ന് ഹൈക്കോടതി
സ്ഥാപന ഉടമയും തൊഴിലാളിയും അപേക്ഷിച്ചാൽ ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി അവർക്ക് രജിസ്‌ട്രേഷൻ നൽകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിൽ നിർദേശിച്ചു
സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾക്ക് കയറ്റിറക്ക് ജോലികൾക്കായി സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്നും അവർക്ക് മുൻപരിചയം നിർബന്ധമല്ലെന്നും ഹൈക്കോടതി. സ്ഥാപന ഉടമയും തൊഴിലാളിയും അപേക്ഷിച്ചാൽ ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി അവർക്ക് രജിസ്‌ട്രേഷൻ നൽകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിൽ നിർദേശിച്ചു.
കൊല്ലം മങ്ങാടുള്ള കെ.ഇ.കെ കാഷ്യൂ സ്ഥാപന ഉടമ ഇ.മന്‍സൂറും മൂന്ന് തൊഴിലാളികളും നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിട്ടില്ലെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ അപേക്ഷ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ നിരസിച്ചത്. തൊഴിലാളികള്‍ സ്ഥാപനത്തില്‍ പായ്ക്കിങ് ജോലിയാണ് ചെയ്തിരുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ ജില്ല ലേബർ ഓഫീസർക്ക് നല്‍കിയ അപ്പീലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ നിരസിക്കാനായി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ യുക്തിരഹിതമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
ചുമട്ടുതൊഴിൽ ചെയ്യാനുളള ശേഷി അപേക്ഷകർക്കുണ്ടോ എന്നും തൊഴിലുടമ ഇവരെ ചുമട്ടുതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണോ എന്നതും മാത്രമെ നിയമപരമായി പരിശോധിക്കേണ്ടതുളളൂവെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിട്ടുണ്ടോ, സ്ഥാപനത്തിന്‍റെ പരിധിയില്‍ മറ്റ് രജിസ്റ്റേഡ് ചുമട്ടുതൊഴിലാളികള്‍ ഉണ്ടോ എന്നതൊന്നും പരിഗണിക്കേണ്ടതില്ല. ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളും സിംഗിൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജിക്കാരായ തൊഴിലാളികളുടെ അപേക്ഷ തള്ളിയ ലേബര്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ കോടതി 30 ദിവസത്തിനുളളില്‍ ഇവരെ മന്‍സൂറിന്‍റെ സ്ഥാപനത്തിലെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും കൊല്ലം അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
മന്‍സൂറിന്‍റെ സ്ഥാപനത്തില്‍ കയറ്റിറക്ക് തൊഴിലുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതിനെ തുടർന്ന് സ്ഥാപനത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ 2017 ല്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സ്ഥാപനം ഇരിക്കുന്ന പ്രദേശം കേരള ഹെഡ്‍ലോഡ് വര്‍ക്കേഴ്സ് സ്കീമിന് പരിധിയിലാക്കിയുള്ള തീരുമാനം ഉണ്ടായി. ഇതിന് പിന്നാലെ പൊലീസ് സംരക്ഷണം ഒഴിവാക്കിയ ഹൈക്കോടതി സ്ഥാപനത്തിലെ തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാനും അനുവദിച്ചിരുന്നു. ഇതനുസരിച്ച് നൽകിയ അപേക്ഷയും അപ്പീലുമായിരുന്നു ലേബര്‍ ഓഫീസര്‍മാര്‍ തളളിയത്.