പാലായിൽ തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ്
പാർട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നാണ് പ്രവർത്തകരുടെ വിശദീകരണം
പാലാ: കോട്ടയം പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ്. കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. പാർട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നാണ് പ്രവർത്തകരുടെ വിശദീകരണം.
അതേസമയം തരൂരും മല്ലികാർജ്ജുൻ ഖാർഗെയും പ്രചാരണം തുടരുകയാണ്. രണ്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് നേതാക്കളുടെ ഇന്നത്തെ പരിപാടികൾ. ഡൽഹിയിൽ എത്തുന്ന മധുസൂദൻ മിസ്ത്രി തെരഞ്ഞെടുപ്പ് മാർഗ നിർദേശങ്ങൾ നേതാക്കൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്തിമ സ്ഥാനാർഥി പട്ടികയും ഇന്ന് പ്രസിദ്ധീകരിക്കും.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് 9 ദിവസം ശേഷിക്കെ പരമാവധി സംസ്ഥാനങ്ങളിലെത്തി പ്രചാരണം നടത്താനാണ് സ്ഥാനാർഥികളുടെ തീരുമാനം. മല്ലികാർജുൻ ഖാർഗെയുടെ ഇന്നത്തെ പരിപാടികൾ ആന്ധ്രപ്രദേശിലും തെലങ്കാനയിലുമാണ്. പിസിസി ഓഫീസുകളിൽ എത്തി വോട്ടർമാരുമായി ഖാർഗെ കൂടിക്കാഴ്ച നടത്തും. ഖാർഗെയ്ക്ക് ഒപ്പം രമേശ് ചെന്നിത്തലയും സംസ്ഥാനങ്ങളിൽ എത്തും. ഇന്നലെ വൈകുന്നേരം മഹാരാഷ്ട്രയിൽ എത്തിയ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലുള്ള ശശി തരൂർ പ്രവർത്തകരേയും നേതാക്കളെയും കാണും. ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലാണ് തരൂരിന്‍റെ പ്രചാരണം. തമിഴ്നാട്ടിലെ പ്രചാരണത്തിന് വലിയ ജനപങ്കാളിത്തം ഉണ്ടായി. പദവികളിൽ ഇരിക്കുന്ന നേതാക്കൾ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നതിനെതിരെ തരൂർ പക്ഷം തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകിയേക്കും. ഗുജറാത്തിലായിരുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും. സ്ഥാനാർത്ഥികളെ പിന്തുണച്ചു കൊണ്ടുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ മിസ്ത്രി പരിശോധിക്കും.