പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ അന്വേഷണം വേണം; മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്ററുകൾ
സേവ് മുസ്‌ലിം ലീഗ് എന്ന പേരിലാണ് കൽപ്പറ്റയിലും പൊഴുതനയിലും വെങ്ങപ്പള്ളിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്ററുകൾ. സേവ് മുസ്‌ലിം ലീഗ് എന്ന പേരിലാണ് കൽപ്പറ്റയിലും പൊഴുതനയിലും വെങ്ങപ്പള്ളിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.
മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളാണ് പോസ്റ്ററുകളിൽ. ജില്ലാ ലീഗ് ഭരിക്കുന്നത് കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ ആണെന്നും പ്രളയഫണ്ട് തിരിമറി ലീഗിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നും പറയുന്ന പോസ്റ്ററുകളിൽ ജില്ലാ സെക്രട്ടറി യഹ്‌യാ ഖാനെതിരെ ഗുരുതര ആരോപണങ്ങളാണുന്നയിക്കുന്നത്. ഖാഇദെ മില്ലത്ത് ഫൗണ്ടേഷന്റെ പേരിലും മാഗസിന്റെ പേരിലും സാമ്പത്തിക തട്ടിപ്പ് നടത്തിയ യഹ്'യാ ഖാനെ പുറത്താക്കണമെന്നും പോസ്റ്ററുകൾ ആവശ്യപ്പെടുന്നു.
ജില്ലാ മുസ്‌ലിം ലീഗിൽ മാസങ്ങളായി പുകയുന്ന അഴിമതിയാരോപണങ്ങളിൽ ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം പതിനഞ്ചിന് ഇതുസംബന്ധിച്ച് ലീഗ് യോഗം വിളിച്ചിട്ടുണ്ട്. പ്രളയ ഫണ്ട് അഴിമതിയടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഒരു വിഭാഗം ശക്തമായ നിലപാടെടുത്ത സാഹചര്യത്തിൽ കൂടിയാണ് യോഗം.