'മേയറെ ഇകഴ്ത്താനാണ് വ്യാജരേഖ ചമച്ചത്'; എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന്
എഫ്.ഐ.ആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. മേയറുടെ പരാതിയിൽ വ്യാജരേഖ ചമക്കൽ വകുപ്പ് ചുമത്തി. മേയറെ ഇകഴ്ത്താനാണ് വ്യാജരേഖ ചമച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്.
എഫ്.ഐ.ആറിൽ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 465, 466,469 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. എഫ്.ഐ.ആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല. മേയർ നഗരസഭയിൽ ഇല്ലാതിരുന്ന സമയത്ത് വ്യാജ കത്തുണ്ടാക്കി അതിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് എഫ്.ഐ.ആറിലെ പരാമർശം.
ആര്യാ രാജേന്ദ്രന്റെ പേരിലെ കത്ത് പുറത്ത് വന്ന് പതിനെട്ടാം ദിനമാണ് കേരള പൊലീസ് കേസെടുക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ച് എസ് പിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഡിജിപി അനില്‍കാന്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. കേസെടുത്തെങ്കിലും കത്തിന്‍റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താത്തിടത്തോളം അന്വേഷണം ഒരിഞ്ച് മുന്നോട്ടു പോകില്ല. നിലവില്‍ കത്തിന്റെ സ്ക്രീന്‍ഷോട്ട് മാത്രമാണ് പുറത്തു വന്നത്. കത്ത് തയ്യാറാക്കിയ കേന്ദ്രങ്ങള്‍ തെളിവുകള്‍ നശിപ്പിച്ചതായാണ് വിവരം. അതേസമയം പൊലീസ് അന്വേഷണ ശൈലിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.