കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നതു തന്നെ; മൂന്ന് പേർ കസ്റ്റഡിയിൽ
വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനപൂർവമുണ്ടാക്കിയ അപകടമാണെന്ന് വ്യക്തമായത്.
തിരുവനന്തപുരം: ചാക്കയിൽ കൊലക്കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തൽ. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്. ബാറിലെ തർക്കത്തെ തുടർന്നാണ് കാറിടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ കാട്ടക്കട സ്വദേശികളായ മൂന്ന് പേർ കസ്റ്റഡിയിൽ
സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാറു വന്നിടിക്കുകയായിരുന്നു. വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടിച്ച വാഹനം കണ്ടെത്തുകയും ഗുണ്ടാസംഘം മനപൂർവമുണ്ടാക്കിയ അപകടമാണെന്ന് വ്യക്തമാവുകയും ചെയ്തു.
ചാക്കയിൽ ബൈപ്പാസിന് സമീപത്തുള്ള ബാറിൽ സുമേഷും സുഹൃത്തും മദ്യപിക്കാനെത്തി. ഇവിടെവച്ച് അവിടെയുണ്ടായിരുന്ന ഒരു സംഘവുമായി ഇവർ വാക്കുതർക്കത്തിലും തുടർന്ന് കയ്യാങ്കളിയുമായി. പുറത്തിറങ്ങി കാത്ത് നിന്ന സംഘം സുമേഷും സുഹൃത്തും ബൈക്കിൽ വരുന്നതിനിടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഞ്ചിയൂർ പൊലീസാണ് റോഡരികിൽ പരിക്കേറ്റ് കിടക്കുന്ന സുമേഷിനെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. സുമേഷിന്റെ സുഹൃത്ത് ചികിത്സയിലാണ്.