"വ്യക്തി നിയമത്തിൽ മാറ്റം വരുത്തി ലിംഗസമത്വം വേണം, അടിച്ചേൽപിക്കരുത്": സിപിഎം സെമിനാറിൽ യെച്ചൂരി
ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് യെച്ചൂരി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു
കോഴിക്കോട്: ഏകസിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് സ്വപ്ന നഗരിയിൽ തുടങ്ങി. സി പി എം ജനറല്‍ സെക്രട്ടെറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്തു. ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് യെച്ചൂരി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിർത്തേണ്ടത് അത്യാവശ്യമെന്നും യെച്ചൂരി പറഞ്ഞു.
ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം, എന്നാൽ അടിച്ചേൽപിക്കരുത്. അതത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്‌തി നിയമം പരിഷ്കരിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാനുള്ള ആയുധമായികേന്ദ്രസർക്കാർ ഏകസിവിൽ കോഡിനെ ഉപയോഗിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
''21ആം നിയമകമ്മീഷന്റെ ശുപാർശകൾ ഈ ഗവൺമെന്റ് തള്ളിക്കളഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദു - മുസ് ലിം വിഭാഗീയത ഉണ്ടാക്കുന്നു. മധ്യപ്രദേശിൽ പോളിങ് ഏജന്റുമാരുടെ ഒരു യോഗത്തിലാണ് മോദി ഏകസിവിൽകോഡ് നടപ്പിലാക്കുന്നതിന്റെ ആവശ്യകത പരസ്യമായി പറഞ്ഞത്. ഒരു കുടുംബത്തിൽ രണ്ട് നിയമങ്ങൾ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യയിലെ ഖാസി ഗോത്രവിഭാഗങ്ങളടക്കം വിവിധ വിഭാഗങ്ങളിൽ സ്വത്തവകാശം സംബന്ധിച്ചും വിവാഹം സംബന്ധിച്ചും നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഇപ്പോൾ ഏകസിവിൽകോഡ് കൊണ്ടുവരുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. ഹിന്ദു- മുസ്‌ലിം വിഭാഗീയത സൃഷ്‌ടിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് വിവാദത്തിന് പിന്നിൽ"; യെച്ചൂരി പറഞ്ഞു
ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് സി പി എമ്മിൻ്റെ ജനകീയ ദേശീയ സെമിനാർ. സെമിനാറില്‍ എല്‍ ഡി എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റർ, എളമരം കരീം ഇ കെ വിജയന്‍ ജോസ് കെ മാണി ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
രണ്ടു വിഭാഗം സമസ്തകളെ പ്രതിനിധീകരിച്ച് സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല , ഉമർഫൈസി, പി എം അബ്ദുസലാം ബാഖവി തുടങ്ങിയവർ സെമിനാറില്‍ സംസാരിക്കും. മുജാഹിദ്സംഘടനാ നേതാക്കളും എം ഇ എസും സെമിനാറിന്റെ ഭാഗമാകും. താമരശ്ശേരി രൂപതയുടെ സി എസ് ഐ സഭയുടെയും പ്രതിനിധികളാണ് ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കുക. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളും എസ് എന്‍ ഡി പി പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. സെമിനാറിനെ വലിയ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി പി എം.