കയറ്റത്തിനിടെ കുത്തനെ ഇടിഞ്ഞ് സ്വർണവില
കഴിഞ്ഞ ദിവസം സർവകാല റെക്കോഡ് വിലയായിരുന്നു സ്വർണത്തിന്
Update: 2023-12-05 07:43 GMT
റെക്കോഡ് ഉയരത്തിലെത്തിയ സ്വർണത്തിന് ചൊവ്വാഴ്ച വൻ ഇടിവ്. പവന് 800 രൂപയാണ് കുറഞ്ഞത്. 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് നൂറു രൂപ കുറഞ്ഞ് 5785 രൂപയായി.
കഴിഞ്ഞ ദിവസം സർവകാല റെക്കോഡ് വിലയായിരുന്നു സ്വർണത്തിന്. ഒരു ഗ്രാമിന് 5885 രൂപയായിരുന്നു വില. പവന് 47,080 രൂപയും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 2500 രൂപയിലേറെയാണ് സ്വർണത്തിന് വർധിച്ചത്.
നവംബർ 13ൽ 44,360 രൂപയായിരുന്നു പവൻ വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വർധിച്ച വില ഈ മാസമാദ്യം 46,160 രൂപയായിരുന്നു. ഡിസംബർ നാലിന് 47,080 രൂപയാകുകയും ചെയ്തു.
ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് സ്വർണവിലയിലെ കുതിപ്പ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധനയ്ക്ക് കാരണമാണ്.