സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
അപകടത്തിൽ ജീവനക്കാരിക്കു സാരമായി പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലയാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സെക്രട്ടേറിയറ്റ് അനക്‌സ് 1ലെ ഒന്നാം നിലയിലെ ടോയ്‌ലെറ്റിൽ അപകടമുണ്ടായത്. ജീവനക്കാരി ബാത്‌റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ ഇവർക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. ഒൻപത് തുന്നലിടേണ്ടിവന്നിട്ടുണ്ടെന്നാണു വിവരം.
നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാർ വാതിൽ പൊളിച്ചാണ് സുമംഗലയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജനറൽ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Summary: Employee injured in secretariat toilet closet accident in Thiruvananthapuram