പുഷ്പന്റെ പേരിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാക്പോര്; അ​ദ്ദേഹത്തെ മറന്നുവെന്ന് മാത്യു കുഴൽനാടൻ

നിയമസഭാ തലം പ്രകോപനത്തിന്റെ വേദിയാക്കി മാറ്റുന്നുവെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.

Update: 2024-10-10 12:37 GMT
Advertising

തിരുവനന്തപുരം: കൂത്തുപറമ്പ് സമരത്തിൽ വെടിയേറ്റ് കിടപ്പിലായി മരണമടഞ്ഞ പുഷ്പന്റെ പേരിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാക്പോര്. പുഷ്പനെ കുറിച്ച് ഭരണപക്ഷം സഭയിൽ പറഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഡിഎഫിന്റെ കാലത്താണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നതെന്നും പുഷ്പൻ എന്ന പേര് ഇടതുപക്ഷത്തിന്റെ വികാരമാണെന്നും ഭരണപക്ഷം തിരിച്ചടിച്ചു. പുഷ്പനെ ഭരണപക്ഷം മറന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

താൻ പ്രസംഗിക്കുമ്പോൾ ഔട്ട് ഓഫ് സിലബസെന്ന് സ്പീക്കർ സ്ഥിരം പറയുന്നതായി മാത്യു കുഴൽനാടൻ ആരോപിച്ചു. കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണനും രം​ഗത്തെത്തി. പിന്നാലെ സഭ നിയന്ത്രിക്കാൻ ആരാണ് കുഴൽനാടൻ എന്ന് എം.ബി രാജേഷിന്റെ ചോദ്യം. നിയമസഭാ തലം പ്രകോപനത്തിന്റെ വേദിയാക്കി മാറ്റുന്നുവെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.

ഭരണപക്ഷത്തെ പ്രതിരോധത്തിൽ ആക്കാനുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിയാണ് ഈ നിയമസഭാ സമ്മേളനം തുടങ്ങിയത് മുതൽ പ്രതിപക്ഷത്തിന്റെ നീക്കം. ഇതിന്റെ തുടർച്ചയായിട്ടാണ് വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ബില്ലിലെ ചർച്ചയ്ക്കിടെ അടുത്തിടെ അന്തരിച്ച പുഷ്പന്റെ പേര് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്.

മൂന്ന് ബില്ലുകളാണ് ഇന്ന് സഭയിൽ ചർച്ചയ്ക്ക് വന്നത്. അതിൽ രണ്ടെണ്ണം വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് പുഷ്പന്റെ വിഷയം മാത്യു കുഴൽനാടൻ എടുത്തിട്ടത്. രക്തസാക്ഷിയെ കുറിച്ച് കവിത ചൊല്ലിയ കുഴൽനാടൻ, പുഷ്പനെ നിങ്ങൾ ഓർത്തില്ലെന്നും ആരും അദ്ദേഹത്തെ കുറിച്ച് പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിഷയം രാഷ്ട്രീയമായി ഉന്നയിച്ചു.

വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ നിന്ന് ചരിത്രം പഠിച്ചിട്ട് കാര്യമില്ലെന്നും രക്തസാക്ഷികളെ അപമാനിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മന്ത്രി പി രാജീവ് മറുപടി നൽകി. ഇതിനു പിന്നാലെ, പുഷ്പന് വെടിയേറ്റത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് എന്നുപറഞ്ഞ് മന്ത്രി ആർ. ബിന്ദുവും പ്രതിരോധിക്കാൻ ശ്രമിച്ചു. വീണ്ടും മാത്യു കുഴൽനാടൻ എഴുന്നേറ്റ് പുഷ്പൻ വിഷയം വീണ്ടുമുയർത്തി.

തുടർന്ന് ഭരണപക്ഷ എംഎൽഎമാർ എഴുന്നേറ്റ് വീണ്ടും പ്രതിരോധമുയർത്തി. പുഷ്പൻ തങ്ങൾക്ക് വൈകാരികമാണ്. അതിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിനാവില്ലെന്നു പറഞ്ഞ ഭരണപക്ഷം, കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനായി വിലയിരുത്തുന്ന എം.വി രാഘവന്റെ പേര് പറയാനും മടിച്ചില്ല.

കെ. കരുണാകരന്റെയും എം.വി രാഘവന്റേയും കാലത്താണ് ആ വെടിവെപ്പ് ഉണ്ടാവുന്നതെന്നും അതിനാൽ ആ വൈകാരികതയെ ചോദ്യം ചെയ്യരുതെന്നും ഭരണപക്ഷം പറഞ്ഞു. പുഷ്പന്റെ സമരം സ്വാശ്രയ കോളജുമായി ബന്ധപ്പെട്ടാ‌യിരുന്നെന്ന കാര്യം ഓർമിപ്പിച്ചായിരുന്നു മന്ത്രി പി. രാജീവിന്റെ മറുപടി. വാദ പ്രതിവാദങ്ങൾക്കിടെ ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News