'മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് സി.പി.എം കലാപ ആഹ്വാനം നടത്തി: വി.ഡി സതീശൻ
'യൂത്ത് കോൺഗ്രസുകാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം'
Update: 2022-06-24 08:22 GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് എൽ.ഡി.എഫ് കൺവീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫിസും കലാപ ആഹ്വാനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. 'ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന നടത്തിയവർക്ക് എതിരെ കേസ് എടുക്കണം. യൂത്ത് കോൺഗ്രസുകാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിമാനത്തിൽ ആയാലും ട്രെയിനിൽ ആയാലും പ്രതിഷേധം പ്രതിഷേധം തന്നെയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
'ആദ്യം പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായത് എന്നാണ്. പിന്നീട് നേതാക്കൾ അത് തിരുത്തി. മുമ്പ് എം.വി രാഘവൻ സഞ്ചരിച്ച ട്രെയിനിന് നേരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അക്രമം നടത്തിയവരാണ് സി.പി.എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.