പാലക്കാട്ട് സജീവ ചർച്ചയായി കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തൽ; തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് ബിജെപി
കേസന്വേഷണം ബിജെപിയിലേക്ക് പോകാത്തതിന് പിന്നിൽ സിപിഎം-ബിജെപി ഡീൽ ആണെന്ന് യുഡിഎഫ്
പാലക്കാട്:ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട്ട് സജീവ ചർച്ചയായി കൊടകരകുഴൽപ്പണക്കേസിലെ വെളിപ്പെടുത്തൽ. കേസന്വേഷണം ബിജെപിയിലേക്ക് പോകാത്തതിന് പിന്നിൽ സിപിഎം-ബിജെപി ഡീലാണെന്ന ആരോപണം യുഡിഎഫ് ഉയർത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സ്റ്റൻഡായി ആരോപണത്തെ ബിജെപി തള്ളിക്കളയുമ്പോൾ വെളിപ്പെടുത്തലിന്റെ നിയമസാധുത പരിശോധിക്കുമെന്ന നിലപാടാണ് സിപിഎമ്മിന്.
കഴിഞ്ഞ നിയമസഭാ തെരഞെടുപ്പ് കാലത്ത് കൊടകരയിൽ ഒരു സംഘം തട്ടിയെടുക്കാൻ ശ്രമിച്ച പണം BJP തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന ആരോപണം അന്നു തന്നെ ഉയർന്നെങ്കിലും പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവമായിട്ടാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ മുൻ ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും കുഴൽപ്പണ ഇടപാടിലേക്കും ചർച്ചകളെ എത്തിച്ചു. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്
കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി നടത്തിയ സംസ്ഥാന ഫെലീസ് അന്വേഷണം തെറ്റായിരുനുവെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. നിലവിലെ അന്വേഷണത്തെ സാധൂകരിക്കുന്ന ഒന്നും വെളിപ്പെടുത്തലിലില്ലെന്ന് പൊലീസ് പറയുന്നു. നിയമപരമായ സാധ്യത പൊലീസ് പരിശോധിക്കട്ടെ എന്നാണ് സിപിഎം നിലപാട്