'ധർമരാജ് വരുമ്പോൾ സുരേന്ദ്രൻ ഓഫീസിൽ'; വെളിപ്പെടുത്തലിൽ ഉറച്ച് തിരൂർ സതീശ്
പണം ദിവസങ്ങളോളം ഓഫീസിൽ സൂക്ഷിച്ചെന്നും കോടികൾക്ക് കാവൽ നിന്നെന്നും സതീശ്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലുകളിൽ ഉറച്ച് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. ധർമരാജ് എന്നയാൾ വരുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും കള്ളപ്പണം കൈകാര്യം ചെയ്തത് മുൻ ജില്ലാ ട്രഷറർ ആണെന്നും സതീശ് പറയുന്നു. പാർട്ടിക്ക് വേണ്ടി പണം അടച്ചതിന്റെ ചലാനും സതീശ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.
സതീശ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്:
"പണം കൊണ്ടുവരുന്നതിന് 20 ദിവസം മുമ്പ് ധർമരാജ് ഓഫീസിൽ ഉണ്ടായിരുന്നു. അപ്പോൾ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ജില്ലാ അധ്യക്ഷനും ഓഫീസിലുണ്ട്. പിന്നീടാണ് പണം കൊണ്ടുവരുന്നത്. ദിവസങ്ങളോളം പണം ഓഫീസിൽ സൂക്ഷിച്ചു. പാർട്ടി എനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ സ്വാഭാവികമായേ കാണുന്നുള്ളൂ. ജില്ലാ അധ്യക്ഷൻ പറയുന്നത് പോലെ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. കടം വാങ്ങിയിട്ടുണ്ട്, സാമ്പത്തിക പരാധീനതകൾ മൂലമാണത്. പക്ഷേ അതും ചെറിയ തുകകളേ ഉള്ളൂ... കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ കൊടുക്കാനുള്ള കഴിവുമുണ്ട്.
രണ്ട് വർഷം മുമ്പ് എന്നെ പുറത്താക്കി എന്നാണല്ലോ ജില്ലാ അധ്യക്ഷൻ പറഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ പാർട്ടിക്ക് വേണ്ടി പണം അടച്ചതിന് ചലാൻ കയ്യിലുണ്ട്. രണ്ട് വർഷം മുമ്പ് പുറത്താക്കിയാൽ അത് നടക്കുമോ? 2023 മെയ് വരെ ഞാൻ ഓഫീസ് സെക്രട്ടറിയായിരുന്നു. എന്നെ പുറത്താക്കിയതല്ല, ശമ്പളം കുറവായതിനാൽ ഞാൻ സ്വമേധയാ ഇറങ്ങിയതാണ്. ഞാനിറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ജില്ലാ അധ്യക്ഷൻ തിരികെ വിളിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കാലത്ത് കോടികളാണ് ബിജെപി ഓഫീസിലേക്ക് ഒഴുകിയത്. ആറ് ചാക്കുകളിലായാണ് പണം വന്നത്. 500ന്റെ നോട്ടുകളായിരുന്നു ചാക്കുകളിൽ. അതിന് ഞാൻ കാവലിരുന്നിട്ടുണ്ട്. മുൻ ജില്ലാ ട്രഷററാണ് പണം കൈകാര്യം ചെയ്തത്. രാത്രി 11.30ക്കാണ് പണമെത്തിയത്. നേരായ പണം ആണെങ്കിൽ അത് ആ സമയം എന്തിന് കൊണ്ടുവരണം? എല്ലാ കാര്യങ്ങളും പൊലീസിനോട് പറയും".
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി ആറ് ചാക്കുകളിൽ കുഴൽപ്പണം എത്തിച്ചെന്നായിരുന്നു ഇന്നലെ സതീശിന്റെ ഗുരുതര വെളിപ്പെടുത്തൽ. എവിടെ നിന്നാണ് പണം കൊണ്ടുവന്നത് എന്ന് അറിയില്ലെന്നും ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു.
പിന്നാലെ സതീശിനെ തള്ളി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് പരാതിയിൽ പുറത്താക്കിയതിന്റെ വൈരാഗ്യമാണ് സതീഷിനെന്നായിരുന്നു ഇയാളുടെ വാദം. സതീശിന്റേത് തെരഞ്ഞെടുപ്പ് സ്റ്റ്ണ്ട് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പ്രതികരിച്ചു.
എന്നാൽ ആരോപണങ്ങൾ വെറുതേ ഉന്നയിക്കുകയല്ല എന്ന് ചൂണ്ടിക്കാട്ടി, തന്റെ വാദങ്ങളെ സാധൂകരിക്കുന്ന രേഖകളുമായാണ് സതീശ് ഇന്ന് മാധ്യമങ്ങളെ കണ്ടത്. തന്റെ ഭാഗം പൊലീസിന് മുമ്പിലും ഇഡിക്ക് മുമ്പിലും പറയാൻ തയ്യാറാണെന്നും സതീശ് പറയുന്നു.