ടിക്കറ്റെടുക്കാൻ പറ്റാത്തവർക്കും അതിന് അവസരമൊരുക്കുകയാണ് സർക്കാരിന്റെ കടമ: പി.കെ കുഞ്ഞാലിക്കുട്ടി
ഭക്ഷണം രാഷ്ട്രീയ ആയുധമാക്കുന്നത് ശരിയല്ലെന്നായിരുന്നു നോൺ വെജ് വിവാദത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി വർധിപ്പിച്ചതിനെ ന്യായീകരിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാൻ നടത്തിയ പരാമർശം നിർമാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കളി എല്ലാവർക്കും കാണാനുള്ളതാണെന്നും ടിക്കറ്റെടുക്കാൻ കഴിയാത്തവർക്കും അതിനവസരമൊരുക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
"കളി എല്ലാവർക്കും കാണാനുള്ളതാണ്. കായികമന്ത്രി അത് വെറുതേ പറഞ്ഞതാണെങ്കിലും നിർഭാഗ്യകരമായിപ്പോയി. ടിക്കറ്റെടുക്കാൻ കഴിയാത്തവർക്കും ടിക്കറ്റെടുക്കാൻ അവസരമൊരുക്കിക്കൊടുക്കുകയാണ് സർക്കാരിന്റെ കടമ. അതിനാണ് മന്ത്രി ശ്രമിക്കേണ്ടതും. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ലാതെ എല്ലാവർക്കുമുള്ളതാണ് കളി". കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കലോത്സവത്തിലെ നോൺവെജ് വിവാദത്തിൽ 4 ദിവസം വെജ് കഴിച്ചാൽ എന്താണ് പ്രശ്‌നമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഭക്ഷണത്തിന്റെ അവകാശത്തെ പറ്റിയുള്ള ചർച്ചയും ഒരു ദിവസം എന്ത് കഴിക്കണം എന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ഭക്ഷണം രാഷ്ട്രീയ ആയുധമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരുവനന്തപുരം കാര്യവട്ടത്തെ ക്രിക്കറ്റ് മത്സരത്തിൽ നികുതി കുറക്കാനാകില്ലെന്ന് ആവർത്തിച്ച് കായികമന്ത്രി വി അബ്ദുറഹ്മാൻ. മത്സരത്തിനായി സർക്കാർ വലിയ തുകയാണ് ചെലവഴിക്കുന്നതെന്നും മത്സരത്തിൽ നിന്ന് വരുമാനം ലഭിക്കുന്നവർ ഒരു വിഹിതം പോലും സർക്കാരിന് നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.