രണ്ട് ബില്ലുകൾക്ക് കൂടി ഗവർണറുടെ അംഗീകാരം; ലോകായുക്ത, സർവകലാശാല നിയമ ഭേദഗതിയിൽ തീരുമാനമായില്ല
16 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശിപാർശയും ഗവർണർ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ രണ്ട് ബില്ലുകൾക്ക് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. വ്യവസായ ഏക ജാലക ക്ലിയറൻസ് ബിൽ, പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പിട്ടത്. അതേസമയം സർവകലാശാല നിയമ ഭേദഗതിയിലും ലോകായുക്തയിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല.
ഇതോടൊപ്പം 16 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശിപാർശയും ഗവർണർ അംഗീകരിച്ചു. കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ഭേദഗതി, പി.എസ്.സി കമ്മീഷൻ ഭേദഗതി, കേരള ജ്വല്ലറി വർക്കേഴ്‌സ് ക്ഷേമനിധി ബോർഡ് ഭേദഗതി, ധന ഉത്തരവാദിത്വ ബിൽ എന്നിവയിൽ ഗവർണർ നേരത്തെ ഒപ്പുവെച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. പതിനൊന്ന് ബില്ലുകളായിരുന്നു നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്. ലോകായുക്ത നിയമ ഭേദഗതിയും ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്നും നേരത്തെ തന്നെ ഗവർണർ വ്യക്തമാക്കിയിരുന്നു.