മുഖ്യമന്ത്രിയെ വിടാതെ ഗവര്‍ണര്‍; രാഷ്ട്രപതിക്ക് ഉടൻ റിപ്പോർട്ട് നൽകിയേക്കും
സ്വർണക്കടത്ത്, ഹവാല ഇടപാടുകളുടെ കണക്കുകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ഇന്നലെ ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് അയച്ചിരുന്നു
തിരുവനന്തപുരം: മലപ്പുറം, ദേശവിരുദ്ധ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ വിടാതെ ഗവര്‍ണര്‍. രാഷ്ട്രപതിക്ക് ഉടൻ റിപ്പോർട്ട് നൽകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നൽകണമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെയും ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കാനാണു നീക്കം. വിവാദങ്ങളില്‍ വിശദീകരണം തേടി ഇന്നലെയും ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു.
ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ തുടർനടപടി സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. കേന്ദ്ര സർവീസ് ചട്ടപ്രകാരമുള്ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന നിലപാടിലാണ് ഗവർണറുള്ളത്.
സ്വർണക്കടത്ത്, ഹവാല ഇടപാടുകളുടെ കണക്കുകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ ഇന്നലെ ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് അയച്ചു. പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾ കത്തിലുണ്ട്. ദേശവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അയച്ച കത്തിലും മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലും പറയുന്നുണ്ട്. ഭരണത്തലവനായ തന്നെ ഇരുട്ടിൽ നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി വിവരങ്ങൾ നൽകാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥർ നേരത്തെയും രാജ്ഭവനിൽ എത്തി വിശദീകരിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന ഗവർണർ, രാഷ്ട്രപതിക്ക് താൻ റിപ്പോർട്ട് നൽകുമെന്ന് സൂചനയും കത്തിൽ നൽകുന്നുണ്ട്. ഗവർണറുടെ കത്തിന് മുഖ്യമന്ത്രി നേരിട്ടോ കത്തു മുഖേനയോ മറുപടി നൽകിയേക്കും.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർക്ക് ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്നുമാണ് ഗവർണർ പറഞ്ഞത്.
Summary: Governor Arif Mohammad Khan may soon submit report to the President on issues including the Malappuram remarks made by the Chief Minister: Report