ഗവർണറുടെ വിമാനയാത്രക്ക് ലക്ഷങ്ങൾ; ചെലവാക്കിയത് ബജറ്റിൽ അനുവദിച്ചതിനേക്കാൾ ഒമ്പതിരട്ടി
75 ലക്ഷം രൂപ അധികം വേണമെന്ന് രാജ്ഭവന്‍
തിരുവനന്തപുരം:ബജറ്റിൽ അനുവദിച്ച തുകയ്ക്ക് പുറമെ 75 ലക്ഷം രൂപ അധികമായി വിമാനയാത്ര ടിക്കറ്റിനും മറ്റും വേണമെന്നാണ് രാജ്ഭവൻ ആവശ്യപ്പെട്ടത്. നിരന്തര കത്തിടപാടുകൾക്കൊടുവിൽ കഴിഞ്ഞ ആഗസ്റ്റ് മാസം 75 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
ഗവർണറുടെ ചിലവിനും മറ്റ് കാര്യങ്ങൾക്കുമായി ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളും പണം നീക്കി വയ്ക്കാറുണ്ട്. സംസ്ഥാന ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻറെ യാത്രകൾക്കായി രണ്ട് ഹെഡ് ഓഫ് അക്കൌണ്ടുകളിൽ നിന്നായി 1188000 അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്ന് മുതൽ അടുത്ത മാർച്ച് 31 വരെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എന്നാൽ ജൂലൈ മാസം ആയപ്പോൾ തന്നെ ഇതിൽ നിന്ന് 713299 രൂപ ചിലവായി. സാമ്പത്തിക വർഷം തീരാൻ എട്ട് മാസമുള്ളപ്പോഴാണ് ഇത്രയും തുക ചിലവായത്. ഇതോടെയാണ് ഗവർണറുടെ യാത്രക്ക് കൂടുതൽ തുക രാജ് ഭവൻ ആവശ്യപ്പെട്ടത്. 2022 ജൂലൈ മാസം 27 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് അയച്ചത്.
ബജറ്റിൽ അനുവദിച്ച തുകയിൽ 115701 രൂപ മാത്രമേ ബാക്കി ഉള്ളുവെന്നും സാമ്പത്തിക വർഷം തീരുന്നത് വരെയുള്ള യാത്രക്ക് ഈ തുക തികയില്ലെന്നും 25 ലക്ഷം രൂപ അധികമായി അനുവദിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്. വിമാനയാത്ര ടിക്കറ്റ് എടുത്തതിൻറെ കുടിശ്ശിക 20 ലക്ഷത്തിന് മുകളിലുണ്ടെന്നും പറയുന്നുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ സർക്കാർ പണം അനുവദിച്ചില്ല. സർക്കാരിൽ നിന്ന് മറുപടി ഉണ്ടാകാത്തതിനെ തുടർന്ന ആഗസ്റ്റ് നാലിന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് വീണ്ടും കത്തയച്ചു.
നേരത്തെ ചോദിച്ച 25 ലക്ഷത്തിന് പുറമെ 50 ലക്ഷം കൂടി ചേർത്ത് 75 ലക്ഷം രൂപ ഉടൻ അനുവദിക്കണമെന്നാണ് കത്തിൽ പറയുന്നത്. രാജ്ഭവനിൽ തുടർച്ചയായി കത്തുകൾ വന്നതോടെ കഴിഞ്ഞ ആഗസ്റ്റ് 23 ന് 75 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.രാഷ്ട്രപതി ഉപരാഷ്ട്രപതി തെര്‌ഞെടുപ്പുകൾ നടന്ന സമയത്താണ് ഗവർണർ കൂടുതലായി വിമാനയാത്ര നടത്തിയിരിക്കുന്നത്.