വിസിമാര്‍ക്ക് ഗവർണർ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും

മുൻ കേരള സർവകലാശാല വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ള ഒഴികെയുള്ളവർ വിശദീകരണം നൽകിയിട്ടില്ല.

Update: 2022-11-03 01:42 GMT
Advertising

സംസ്ഥാനത്തെ വിവിധ സര്‍വകലാശാല വിസിമാര്‍ക്ക് ചാൻസലറായ ഗവർണർ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. മുൻ കേരള സർവകലാശാല വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ള ഒഴികെയുള്ളവർ വിശദീകരണം നൽകിയിട്ടില്ല. വിസിയാകാൻ വേണ്ട യോഗ്യതകൾ ഉണ്ടെന്നാണ് മുൻ കേരള വിസിയുടെ മറുപടി. നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാൽ മറ്റ് വിസിമാര്‍ വിശദീകരണം നല്‍കാനിടയില്ല.

എന്തുകൊണ്ടാണ് നിശ്ചയിച്ചു നൽകിയ സമയത്തിനകം രാജിവെയ്ക്കാതിരുന്നത് എന്ന കാരണം അറിയിക്കാനാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലടി, കാലിക്കറ്റ്, മലയാളം, സാങ്കേതിക സര്‍വകലാശാല വിസിമാർക്ക് ഇത് പ്രകാരം നോട്ടീസ് ലഭിച്ചു. നിയമനം നടത്തിയത് ചട്ടപ്രകാരമാണെന്ന് കാട്ടിയാണ് വിരമിച്ച കേരള വിസി മറുപടി നൽകിയത്. സുപ്രിംകോടതി നേരിട്ട് നിയമനം റദ്ദാക്കിയതിനാൽ കെടിയു വിസിക്ക് നൽകിയ നോട്ടീസ് രാജ്ഭവൻ പിൻവലിച്ചു. മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമെങ്കിലും നേരിട്ട് വിശദീകരണം നൽകാൻ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ട്.

കൂടിയാലോചനയ്ക്കും നിയമോപദേശത്തിനും ശേഷം മറുപടി നല്‍കാനായിരുന്നു വിസിമാര്‍ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചതിനാൽ വിധി വന്നശേഷം മറുപടി നല്‍കുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് ബാക്കി വിസിമാരുടെ നിലപാട്. സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ നാളെ കേരളത്തില്‍ മടങ്ങിയെത്തും. കൊച്ചിയിലെത്തുന്ന ഗവര്‍ണര്‍ ഏഴാം തിയ്യതിയാണ് രാജ്ഭവനിലേക്ക് എത്തുക. നിയമോപദേശം കൂടി പരിഗണിച്ച ശേഷം ഗവർണർ വിഷയത്തിൽ തീരുമാനമെടുക്കും. ഏഴാം തിയ്യതി വരെ സമയം അനുവദിച്ചതിനാല്‍ ധൃതിപിടിച്ച് നടപടിക്കുള്ള സാധ്യത കുറവാണ്. ഡിജിറ്റല്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്ക് കാരണം കാണിക്കാന്‍ നല്‍കിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News