തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
എസ് യു ടി ഹോസ്റ്റൽ മെസ്സില്‍ നിന്നും അഴുകിയ 25 കിലോ മീനും പഴകിയ എണ്ണയും പിടികൂടി.
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന സംസ്ഥാനത്ത് ഇന്നും തുടരുന്നു. സ്റ്റാർ ഹോട്ടൽ, ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. തിരുവനന്തപുരം നെടുമങ്ങാട് നടത്തിയ പരിശോധനയിൽ കേടായ മുട്ട, പഴകിയ എണ്ണ, പഴയ ദോശ മാവ്, എന്നിവ കണ്ടെത്തി. എസ് യു ടി ഹോസ്റ്റൽ മെസ്സില്‍ നിന്നും അഴുകിയ 25 കിലോ മീനും പഴകിയ എണ്ണയും പിടികൂടി.
ഇന്ന് രാവിലെ കാസർകോട് മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്.ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. കാസര്‍കോട് മത്സ്യ മാർക്കറ്റില്‍ പഴകിയ മത്സ്യമെത്തുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്നാണ് നഗരസഭയുടേയും ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടേയും നേതൃത്വത്തില്‍ പരിശോധന നടന്നത്. 30 പെട്ടികളിലായി എത്തിച്ച മത്സ്യത്തില്‍ എട്ട് പെട്ടികള്‍ നിറയെ പഴകിയ മത്സ്യമായിരുന്നു.